ദോഹ– കഴിഞ്ഞയാഴ്ച അൽ വക്ര തുറമുഖത്ത് ഉണ്ടായ തീപിടുത്തത്തിൽ അപകടം നിയന്ത്രിക്കുന്നതിൽ പങ്ക് വഹിച്ചവരെ ഖത്തർ ആഭ്യന്തര മന്ത്രാലയം ആദരിച്ചു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സ്വദേശികളും വിദേശികളും ഉൾപ്പെടെ ഉള്ളവരെ ഖത്തർ ആഭ്യന്തര സഹമന്ത്രി ശൈഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽ-താനിയാണ് ആദരിച്ചത്.


അൽ വക്ര തുറമുഖത്ത് അടുത്തിടെയുണ്ടായ തീപിടുത്തത്തിൽ ആദരിക്കപ്പെട്ടവർ മാതൃകാപരമായ പ്രവർത്തനം കാഴ്ച വെച്ചതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. സിവിൽ ഡിഫൻസ് ടീമുകളുമായും ബന്ധപ്പെട്ട അധികാരികളുമായും ചേർന്ന് നടത്തിയ പ്രവർത്തങ്ങൾ തീ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. തീ പടരുന്നത് പരിമിതപ്പെടുത്തുന്നതിലും അത് നിയന്ത്രിക്കുന്നതിലും ഇത് കാര്യമായ സ്വാധീനം ചെലുത്തിയതായും മന്ത്രാലയ അധികൃതർ വ്യക്തമാക്കി . ഇവർക്കുള്ള ബഹുമതിയായി ആഭ്യന്തര സഹമന്ത്രി അഭിനന്ദന സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ സമൂഹവും ഭരണകൂടവും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെ വ്യക്തമാക്കുന്നതാണ് ഈ സേവനം . ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ ദൗത്യത്തെ പിന്തുണയ്ക്കുന്നതിലും സഹകരിക്കുന്നതിലും സംഭാവന നൽകുന്ന എല്ലാവരെയും അംഗീകരിക്കുന്നതിന്റെ ഉദാഹരണം കൂടിയായ ഈ ആദരവ്.



