ദോഹ: സിറിയയിൽ സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിന് ഖത്തർ പ്രതിമാസം 2.9 കോടി ഡോളർ വീതം നൽകും. സംഘർഷത്തിൽ തകർന്ന രാജ്യത്തെ പുനർനിർമിക്കാൻ ശ്രമിക്കുന്ന പുതിയ സിറിയൻ സർക്കാരിന് സാമ്പത്തിക സഹായമായി, സിറിയൻ പൊതുമേഖലക്ക് ധനസഹായം നൽകാനുള്ള ഖത്തർ പദ്ധതിക്ക് അമേരിക്ക പച്ചക്കൊടി കാണിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.
സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഇന്റെ ഏറ്റവും ശക്തമായ അന്താരാഷ്ട്ര പിന്തുണക്കാരിൽ ഒന്നായ ഖത്തർ, പുറത്താക്കപ്പെട്ട പ്രസിഡന്റ് ബശാർ അൽഅസദ് അധികാരത്തിലിരിക്കെ സിറിയക്കു മേൽ ഉപരോധം ഏർപ്പെടുത്തിയ അമേരിക്കയുടെ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാൻ മടിക്കുന്നു.
പൊതുമേഖലയിലെ സിവിൽ സർവീസ് ജീവനക്കാർക്ക് ശമ്പളം നൽകാനായി ഖത്തർ സിറിയക്ക് മൂന്നു മാസത്തേക്ക് പ്രതിമാസം 2.9 കോടി ഡോളർ ഗ്രാന്റ് നൽകുമെന്ന് സിറിയൻ ധനമന്ത്രി മുഹമ്മദ് യാസിർ ബർണിയ സ്ഥിരീകരിച്ചു. മൂന്നു മാസത്തിനു ശേഷം ഖത്തർ ധനസഹായം ദീർഘിപ്പിക്കാൻ സാധ്യതയുണ്ട്. ഈ ഗ്രാന്റിനെ അമേരിക്കൻ ഉപരോധങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. യു.എൻ ഡെവലപ്‌മെന്റ് പ്രോഗ്രാം ആണ് ഈ ഫണ്ട് കൈകാര്യം ചെയ്യുകയെന്നും സിറിയൻ ധനമന്ത്രി പറഞ്ഞു.
സിറിയയുടെ ലോക ബാങ്ക് വായ്പാ കുടിശ്ശികയായ 1,500 കോടി ഡോളർ അടുത്തിടെ സൗദി അറേബ്യയും ഖത്തറും ചേർന്ന് തീർത്തിരുന്നു. ഉപരോധങ്ങൾ, 14 വർഷത്തെ സംഘർഷം, ബശാർ അൽഅസദ് ഭരണ കാലത്ത് നിലനിന്ന പതിറ്റാണ്ടുകളുടെ സ്വജനപക്ഷപാതം എന്നിവ സിറിയയെ പാപ്പരാക്കി. സർക്കാർ ജീവനക്കാരുടെ വേതനം ചുരുങ്ങി.
ഖത്തറിന് അമേരിക്കയിൽ നിന്ന് പച്ചക്കൊടി ലഭിച്ചിട്ടുണ്ടെന്നും യു.എസ് ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ ഓഫീസ് ഉപരോധങ്ങളിൽ നിന്ന് ഖത്തർ സഹായത്തെ ഒഴിവാക്കിയതായി സ്ഥിരീകരിക്കുന്ന കത്ത് ഉടൻ സമർപ്പിക്കുമെന്നും ബന്ധപ്പെട്ടവർ റോയിട്ടേഴ്‌സിനോട് പറഞ്ഞു. യൂറോപ്യൻ രാജ്യങ്ങൾ സിറിയക്കു മേലുള്ള ഉപരോധങ്ങൾ ലഘൂകരിക്കാൻ കൂടുതൽ വേഗത്തിൽ നീങ്ങുന്നുണ്ട്. അമേരിക്കയും നിലപാട് മയപ്പെടുത്തുന്നതായാണ് പുതിയ നീക്കം സൂചിപ്പിക്കുന്നത്. ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങൾ ഒഴികെയുള്ള പൊതുമേഖലയിലെ സിവിൽ സർവീസുകാർക്ക് മാത്രമായി ധനസഹായം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും സിറിയൻ വൃത്തങ്ങൾ പറഞ്ഞു.
അടുത്ത മാസം മുതൽ ഖത്തർ ധനസഹായം സിറിയക്ക് ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ദീർഘകാലമായി കാത്തിരിക്കുന്ന 400 ശതമാനം ശമ്പള വർധനവ് നടപ്പാക്കാൻ ഖത്തർ സഹായം ഉപകരിക്കും. പത്ത് ലക്ഷത്തിലേറെ സർക്കാർ ജീവനക്കാർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ ശമ്പള വർധനവ് ക്രമേണ വിതരണം ചെയ്യുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
അതേസമയം, സിറിയയിലെ ഇസ്രായേൽ ഇടപെടൽ അവസാനിപ്പിക്കാനും സ്ഥിതിഗതികൾ ശാന്തമാക്കാനും മധ്യസ്ഥർ വഴി ഇസ്രായിലുമായി പരോക്ഷ ചർച്ചകൾ നടക്കുന്നുണ്ടെന്ന് സിറിയൻ പ്രസിഡന്റ് അഹ്മദ് അൽശറഅ് പാരീസിൽ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇസ്രായിൽ ഇടപെടലുകൾ കാരണം സിറിയക്കും ഇസ്രായിലിനും സാഹചര്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം പത്രസമ്മേളനത്തിൽ സംസാരിച്ച അഹ്മദ് അൽശറഅ് മുന്നറിയിപ്പ് നൽകി. ഇസ്രായിലും സിറിയയും തമ്മിൽ ഏറ്റുമുട്ടൽ ഒഴിവാക്കുന്ന 1974-ലെ കരാർ ഇസ്രായിൽ ലംഘിച്ചു. ദമാകസിന്റെ നിയന്ത്രണം പിടിച്ചെടുത്ത ശേഷം, ഈ കരാറിനോടും യു.എൻ സേനയെ ബ്ലൂ ലൈനിലേക്ക് തിരികെ കൊണ്ടുവരുന്നതിനോടുമുള്ള പ്രതിബദ്ധത തന്റെ സർക്കാർ പ്രഖ്യാപിച്ചിരുന്നെന്നും സിറിയൻ പ്രസിഡന്റ് പറഞ്ഞു.