ദോഹ – ബഹ്റൈനില്‍ ഇറാന്‍ ആക്രമിച്ച കെട്ടിടങ്ങളില്‍ തങ്ങളുടെ നാവിക സേന ഉണ്ടായിരുന്നതായും സൈനികരില്‍ ആര്‍ക്കും പരിക്കുകള്‍ സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ പറഞ്ഞു. മനാമയില്‍ രണ്ടു റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും ഒരു ഹോട്ടലിനും നേരെ ഇറാന്‍ ആക്രമണമുണ്ടായതായി ഇന്ന് പുലര്‍ച്ചെ ബഹ്‌റൈന്‍ അറിയിച്ചിരുന്നു. ഇന്നലെ ബഹ്‌റൈനിലെ പ്രധാന സര്‍ക്കാര്‍ എണ്ണ റിഫൈനറിയില്‍ മിസൈല്‍ ആക്രമണത്തില്‍ അഗ്നിബാധയുണ്ടായിരുന്നു.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ ഏകീകൃത സൈനിക കമാന്‍ഡിന്റെ ഏകീകൃത മാരിടൈം ഓപ്പറേഷന്‍സ് സെന്ററില്‍ പങ്കെടുക്കുന്ന ഖത്തര്‍ നാവിക സേനയിലെ അംഗങ്ങളെ പാര്‍പ്പിക്കുന്ന, ബഹ്റൈനില്‍ വിവിധ ഭാഗങ്ങളിലുള്ള കെട്ടിടങ്ങള്‍ ലക്ഷ്യമിട്ടുണ്ടായ ഇറാന്‍ ആക്രമണത്തെ ഖത്തര്‍ ശക്തമായി അപലപിക്കുന്നു – വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷ്യമിട്ട കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ഖത്തര്‍ നാവിക സേനയിലെ ഉദ്യോഗസ്ഥര്‍ സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
മനാമയിലെ ഒരു ഹോട്ടലും രണ്ട് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും ഇറാന്‍ ആക്രമിച്ചതായും ആളപായമില്ലെന്നും ബഹ്റൈന്‍ നേരത്തെ അറിയിച്ചു. രണ്ട് ഹോട്ടലുകള്‍ക്കും ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തിനും നേരെ ആക്രമണമുണ്ടായെന്ന മുന്‍ പ്രഖ്യാപനം ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം തിരുത്തി. ആക്രമണത്തെ തുടര്‍ന്ന് ഒരു റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തമുണ്ടായതായും അത് അണച്ചതായും മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച ഇറാന്‍ ആക്രമണം ആരംഭിച്ചതിനു ശേഷം ഗള്‍ഫില്‍ ഏഴ് സാധാരണക്കാര്‍ ഉള്‍പ്പെടെ കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു. കുവൈത്തില്‍ നാല് പേര്‍ ഉള്‍പ്പെടെ ആറ് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക പറഞ്ഞു.



