- നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി വ്യക്തമാക്കി
ദോഹ: ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രകോപനപരമായ പ്രസ്താവനയെ ഖത്തർ തള്ളി. നെതന്യാഹുവിന്റെ ഓഫീസ് പുറപ്പെടുവിച്ച പ്രകോപനപരമായ പ്രസ്താവനകളെ പൂർണമായും നിരാകരിക്കുന്നതായും അവയ്ക്ക് രാഷ്ട്രീയവും ധാർമികവുമായ ഉത്തരവാദിത്തത്തിന്റെ ചെറിയ കണിക പോലും ഇല്ലെന്നും ഖത്തർ വിദേശ മന്ത്രാലയ വക്താവ് മാജിദ് അൽഅൻസാരി പറഞ്ഞു.
ഗാസയിൽ ഇസ്രായിലും ഹമാസും തമ്മിൽ സമാധാന ഉടമ്പടിയിലെത്താനുള്ള മധ്യസ്ഥ ശ്രമങ്ങളിൽ ഇരുപക്ഷവും കളിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് നെതന്യാഹു കഴിഞ്ഞ ദിവസം ഖത്തറിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസ യുദ്ധം അവസാനിപ്പിക്കാനായി ഹമാസുമായുള്ള ചർച്ചകളിൽ ഖത്തറിന്റെ മധ്യസ്ഥശ്രമങ്ങൾക്കെതിരെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് രൂക്ഷമായ ആക്രമണമാണ് അഴിച്ചുവിട്ടത്.
ഇരുപക്ഷത്തിനും ഒപ്പം നിന്ന് ഇരട്ടത്താപ്പ് കളിക്കുന്നത് നിർത്താൻ ഖത്തറിന് സമയമായെന്ന് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞിരുന്നു. ന്യായമായ മാർഗങ്ങളിലൂടെ ഇസ്രായിൽ ഈ യുദ്ധത്തിൽ വിജയിക്കുമെന്നും പ്രസ്താവനയിലുണ്ടായിരുന്നു.
2023 ഒക്‌ടോബറിൽ ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതു മുതൽ ഖത്തർ, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങൾ ഇസ്രായിലിനും ഹമാസിനും ഇടയിൽ മധ്യസ്ഥത വഹിച്ച് വരികയാണ്.