ദോഹ– ലോകത്തെ ഏറ്റവും കുറഞ്ഞ കുറ്റനിരക്കുകളും ഉയർന്ന സുരക്ഷാ നിലവാരവുമുള്ള രാജ്യങ്ങളിൽ ഖത്തർ മൂന്നാമത് ഇടം നേടി. 2025-ലെ നംബിയോ സേഫ്റ്റി ഇൻഡെക്സ് റിപ്പോർട്ട് മിഡ് ഇയർ സർവേപ്രകാരം, 148 രാജ്യങ്ങളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഖത്തറിന് 84.6 എന്ന സ്‌കോറോടെ മൂന്നാമത്തെ സ്ഥാനം ലഭിച്ചതെന്ന് ദി പെനിൻസുല റിപ്പോർട്ട് ചെയ്തു.
നംബിയോയുടെ ക്രൈം ഇൻഡക്സ് ഓരോ നഗരത്തിലും രാജ്യത്തുമുള്ള മൊത്തം കുറ്റനിരക്ക് കണക്കു കൂട്ടി തിട്ടപ്പെടുത്തിയെടുക്കുന്നതാണ്. അതേസമയം, സെഫ്റ്റി ഇൻഡക്സ് പൊതുവായ സുരക്ഷാ നിലകൾ നിർണയിക്കുന്നു.
ഇപ്പോഴത്തെ സർവേ പ്രകാരം ഗൾഫ് മേഖലയിൽ നിന്ന് മറ്റ് നാല് രാജ്യങ്ങളും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു: യു.എ.ഇ, ഒമാൻ, സൗദി അറേബ്യ, ബഹ്‌റൈൻ എന്നിവയാണ് അതിൽ ഉൾപ്പെട്ടത്.
2024-ൽ ഖത്തർ ലോകത്തിലെ രണ്ടാമത്തെ സുരക്ഷിത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരുന്നു. ആദ്യ സ്ഥാനത്ത് യു.എ.ഇ ആയിരുന്നു.
റിപ്പോർട്ട് അനുസരിച്ച് സുരക്ഷാ സൂചിക ക്രൈം നില, ഒറ്റയ്ക്ക് നടക്കുമ്പോൾ ഉള്ള സുരക്ഷിതത്വം, വാഹനവും സ്വത്തുക്കളും മോഷ്ടിക്കപ്പെടാനുള്ള സാധ്യത എന്നിവ ഉൾപ്പെടെയുള്ള പല ഘടകങ്ങളും പരിഗണിച്ചാണ് തയ്യാറാക്കുന്നത്.
മുൻവർഷത്തെപോലെ തന്നെ ഖത്തർ ക്രൈം നിരക്കിലും തുടർന്ന്, വീട് അതിക്രമിച്ച് കടക്കൽ, കാർ മോഷണം, ശാരീരിക ആക്രമണം, മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ എന്നിവയിലും വളരെ താഴ്ന്ന നിലയിലാണ്.
പകൽ സമയങ്ങളിലും രാത്രിയിലും ഉള്ള സുരക്ഷയ്‌ക്ക് ഖത്തർ ഉയർന്ന സ്‌കോർ നേടിയിട്ടുണ്ട്. ഇതിലൂടെ ലിംഗഭേദമില്ലാതെ എല്ലായിടത്തും സ്വതന്ത്രമായി നടക്കാനും കുട്ടികൾക്ക് പാർക്കിലും കളിസ്ഥലങ്ങളിലും സുരക്ഷിതമായി കളിക്കാനും കഴിയുന്ന സാഹചര്യം രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ കൂടി ഖത്തർ മികച്ച നില നേടിയിട്ടുണ്ട്. നൂമ്പ്യോ 2025 മിഡ് ഇയർ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്സിൽ 89 രാജ്യങ്ങളിൽ ഖത്തറിന് 16-ാം സ്ഥാനമാണ്. ഖത്തറിന്റെ സ്‌കോർ 189.4 ആണ് , ഇത് ഭൂരിഭാഗം ഗൾഫ് രാജ്യങ്ങളേക്കാൾ ഉയര്‍ന്നതാണ്.
ക്വാളിറ്റി ഓഫ് ലൈഫ് സൂചികയിലുളള ഘടകങ്ങളിൽ വാങ്ങൽശേഷി, മലിനീകരണനിരക്ക്, വാടകയുടെ എളുപ്പം, ജീവിതച്ചെലവ്, സുരക്ഷ, ആരോഗ്യപരിചരണത്തിന്റെ നിലവാരം, യാത്രാസംവിധാനം, കാലാവസ്ഥാ സാഹചര്യങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്നു.
ഈ ഇൻഡക്സ് ഒരു സംയുക്ത അളവാണ്. കൂടിയ ഇൻഡക്സ് മൂല്യങ്ങൾ മെച്ചപ്പെട്ട ജീവിത നിലവാരം സൂചിപ്പിക്കുന്നു. നൂമ്പ്യോയുടെ വെബ്സൈറ്റിന്റെ ഉപയോക്താക്കളിൽ നിന്നുള്ള സർവേകളുടെയും ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് ഇൻഡക്സ് നിർണയിക്കുന്നത്.