ദോഹ – ഖത്തറിലെ ഇറാൻ എംബസിയിലെ സൈനിക, സുരക്ഷാ അറ്റാഷെമാരെയും അവരുടെ ഓഫീസുകളിലെ മുഴുവൻ ജീവനക്കാരെയും രാജ്യം പുറത്താക്കി. ഇവരെ ‘അനഭിമതരായി’ (Persona non grata) പ്രഖ്യാപിച്ച ഖത്തർ വിദേശകാര്യ മന്ത്രാലയം, 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ കർശന നിർദ്ദേശം നൽകി. ഖത്തർ വിദേശ മന്ത്രാലയത്തിലെ പ്രോട്ടോക്കോൾ ഡയറക്ടർ ഇബ്രാഹിം യൂസഫ് ഫഖ്‌റോയും ഇറാൻ അംബാസഡർ അലി സാലിഹ് ആബാദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ നിർണ്ണായക തീരുമാനം അറിയിച്ചത്.
ഖത്തറിന്റെ പരമാധികാരത്തെയും സുരക്ഷയെയും വെല്ലുവിളിച്ചുകൊണ്ട് ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇറാൻ സ്വീകരിക്കുന്ന ശത്രുതാപരമായ ഈ നിലപാടുകൾ അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ രക്ഷാസമിതിയുടെ 2817-ാം നമ്പർ പ്രമേയത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് ഖത്തർ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
റാസ് ലഫാൻ വ്യാവസായിക നഗരത്തിന് നേരെയുണ്ടായ ഇറാൻ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. ആക്രമണത്തെത്തുടർന്നുണ്ടായ തീപിടുത്തത്തിൽ വ്യാവസായിക മേഖലയിൽ വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മേഖലയുടെ സ്ഥിരതയെ തകർക്കുന്ന ഇത്തരം പ്രകോപനങ്ങൾ അപകടകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ഖത്തർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ഖത്തർ തുടക്കം മുതൽ ശ്രമിച്ചിട്ടും അയൽരാജ്യങ്ങളെയും ഊർജ്ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇറാൻ തുടരുകയാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
മേഖലയെ വലിയൊരു ദുരന്തത്തിലേക്ക് തള്ളിവിടുന്ന നയങ്ങളാണ് ഇറാൻ പിന്തുടരുന്നത്. സിവിലിയൻ കേന്ദ്രങ്ങളെയും ഊർജ്ജ സ്രോതസ്സുകളെയും ആക്രമിക്കുന്നത് ഒഴിവാക്കണമെന്ന് ഖത്തർ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇറാൻ അത് പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, അന്താരാഷ്ട്ര സമാധാനം നിലനിർത്താൻ യുഎൻ രക്ഷാസമിതി ഇടപെടണമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി വേണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഖത്തറിനുണ്ടെന്നും, സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷയ്ക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ മടിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.



