ദോഹ – ഇറാന്‍ എംബസി ജീവനക്കാര്‍ ഒരാഴ്ചക്കകം രാജ്യം വിടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടതായി ദോഹയിലെ ഇറാന്‍ എംബസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എംബസിയുമായി ബന്ധപ്പെട്ട ചില വ്യക്തികള്‍ താല്‍ക്കാലികമായി ഖത്തറില്‍ തുടരാന്‍ ഉദ്ദേശിച്ചിരുന്നുവെങ്കിലും ഖത്തര്‍ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം രാജ്യത്തെ ഹോട്ടലുകള്‍ അവരെ താമസിപ്പിക്കാന്‍ വിസമ്മതിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇറാന്‍ ഇന്റര്‍നാഷണല്‍ ചാനലിനോട് പറഞ്ഞു.
ഖത്തറിനെ ലക്ഷ്യം വെച്ചുള്ള ഇറാന്‍ ആക്രമണങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി നേരത്തെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി ഖത്തര്‍ വിദേശ മന്ത്രിയുമായി ഫോണില്‍ ബന്ധപ്പെട്ട് ഖത്തറിനെതിരെ നടത്തിയ ഇറാന്‍ മിസൈല്‍ ആക്രമണങ്ങള്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഖത്തറിനെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും വ്യക്തമാക്കി.
ഇറാന്‍ വിദേശ മന്ത്രിയുടെ അവകാശവാദങ്ങളെ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ശക്തമായി തള്ളിക്കളഞ്ഞു. ഖത്തറിലെ സിവിലിയന്‍, റെസിഡന്‍ഷ്യല്‍ ഏരിയകള്‍, ഹമദ് അന്താരാഷ്ട്ര വിമാനത്താവള പരിസരം, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, ദ്രവീകൃത പ്രകൃതിവാതക ഉല്‍പാദന കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാവസായിക മേഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഇറാന്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് വസ്തുതകള്‍ വ്യക്തമായി തെളിയിക്കുന്നതായി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്‌മാന്‍ അല്‍ഥാനി ഇറാന്‍ വിദേശ മന്ത്രിയോട് പറഞ്ഞു. ഖത്തറിനെതിരായ ഇറാന്‍ ആക്രമണങ്ങള്‍ ഖത്തറിന്റെ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമ തത്വങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



