ദോഹ– ഖത്തർ ദേശീയ ദിനാഘോഷ പരിപാടികൾക്ക് ഔദോഗിക തുടക്കമായി. ഉംസലാൽ ഏരിയയിലെ ദർബ് അൽ സായിയിൽ 2025 ഖത്തർ ദേശീയ ദിനാഘോഷം ഖത്തർ സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ-താനി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികൾ ഡിസംബർ 20 വരെ തുടരും. ഡിസംബർ പതിനെട്ടാണ് ഖത്തർ ദേശീയ ദിനമായി ആഘോഷിക്കുന്നത് .”നിങ്ങളാൽ ഉയർച്ച , നിങ്ങളിൽ പ്രതീക്ഷ” എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ ദേശിയ ദിനം ആഘോഷം .
ദേശീയ ഗാനങ്ങളുടെ അകമ്പടിയോടെ ദർബ് അൽ സായിയിലെ പ്രധാന സ്ക്വയറിൽ ആഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തി. അറേബ്യൻ കുതിരകൾ, ഒട്ടകങ്ങൾ, പരമ്പരാഗത ഖത്തരി അർദ പ്രകടനം എന്നിവയുടെ അകമ്പടിയോടെ ദർബ് അൽ സായിൽ പരേഡും നടന്നു. ഉദ്ഘാടനത്തിന് ശേഷം, സാംസ്കാരിക മന്ത്രി, വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ ചേർന്ന് ദർബ് അൽ സായിയിലെ 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരുക്കിയ പ്രദർശനം സന്ദർശിച്ചു. വിവിധ സാംസ്കാരിക, പൈതൃക, കലാ പരിപാടികൾ ദർബ് അൽ സായിയിൽ വേദി ഒരുക്കിയിട്ടുണ്ട്. ആഘോഷങ്ങളുടെ ആദ്യ നിമിഷങ്ങളിൽ തന്നെ പങ്കെടുക്കാനും അതുല്യമായ ദേശീയ, പൈതൃക കാഴ്ചകൾ ആസ്വദിക്കാനുമായി വലിയ പൊതുജന പങ്കാളിത്തമാണ് ഉദ്ഘാടന ചടങ്ങിൽ ഉണ്ടായത്.
ഈ വർഷത്തെ ദർബ് അൽ സായ് പരിപാടികൾ “നിങ്ങളാൽ ഉയർച്ച , നിങ്ങളിൽ പ്രതീക്ഷ” എന്ന ദേശീയ ദിന മുദ്രാവാക്യത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറിയും ദേശീയ ദിനാഘോഷങ്ങളുടെ ജനറൽ സൂപ്പർവൈസറുമായ ഡോ. ഗാനിം ബിൻ മുബാറക് അൽ അലി പറഞ്ഞു



