ദോഹ– ഖത്തറിലെ ഗതാഗത മേഖലയിലെ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിലും സുതാര്യമായും എത്തിക്കുന്നതിനായി ഗതാഗത മന്ത്രാലയം അവതരിപ്പിച്ച ‘ദർബ്’ (Darb) മൊബൈൽ ആപ്ലിക്കേഷൻ ശ്രദ്ധേയമാകുന്നു. പൊതുജനങ്ങൾക്ക് മന്ത്രാലയത്തിന്റെ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്മാർട്ട് പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പ്രധാന സേവനങ്ങൾ:
ഗതാഗത വാർത്തകളും അറിയിപ്പുകളും: മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ വാർത്തകൾ, അറിയിപ്പുകൾ, സർക്കാർ പോളിസികൾ, പുതിയ സംരംഭങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിലൂടെ തത്സമയം അറിയാൻ സാധിക്കും.
കര-സമുദ്ര ഗതാഗത സേവനങ്ങൾ: റോഡ് ഗതാഗതത്തിന് പുറമെ സമുദ്രഗതാഗത മേഖലയിലുള്ളവർക്കും ആപ്പ് ഏറെ പ്രയോജനകരമാണ്. ചെറിയ ബോട്ടുകളുടെ രജിസ്‌ട്രേഷൻ, അവയുടെ മാനേജ്‌മെന്റ് നടപടിക്രമങ്ങൾ എന്നിവ ആപ്പിലൂടെ ലളിതമായി പൂർത്തിയാക്കാം.
ഓൺലൈൻ അപേക്ഷകൾ: വിവിധ സേവനങ്ങൾക്കായി ഓഫീസുകൾ സന്ദർശിക്കാതെ തന്നെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാനും അവയുടെ നിലവിലെ സ്ഥിതി (Tracking) പരിശോധിക്കാനും ഉപയോക്താക്കൾക്ക് കഴിയും.
സുരക്ഷിതമായ ലോഗിൻ: നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് സുരക്ഷിതമായി ആപ്പിൽ ലോഗിൻ ചെയ്യാവുന്നതാണ്.
സ്മാർട്ട്ഫോൺ വഴി സേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ സമയം ലാഭിക്കാനും ഭരണപരമായ നടപടികൾ വേഗത്തിലാക്കാനും സാധിക്കുന്നു. ദർബ് ആപ്ലിക്കേഷൻ നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമാണ്.



