ദോഹ– ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന യൂത്ത് ഫെസ്റ്റിവലിന്റെ അഞ്ചാമത് പതിപ്പ് കലാഞ്ജലി 2025, ഒക്ടോബർ 26 മുതൽ മുതൽ 29 വരെ ഐഡിയൽ ഇന്ത്യൻ സ്കൂളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാട്ടിൽ നിന്നും ഖത്തറിൽ നിന്നും ഉള്ള അതിഥികൾ ഉൾപ്പെടെ പങ്കെടുക്കുന്ന സമാപന സമ്മേളനം നവംബർ 1നാണ് നടക്കുക. ഭാവി കലാപ്രതിഭകളെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഈ കലാസാംസ്‌കാരിക മഹോത്സവത്തിൽ ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും.
ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ് കലാഞ്ജലി 2025-ന്റെ തീയതികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. കലാഞ്ജലി 2025-ന്റെ ഔദ്യോഗിക പോസ്റ്ററും പ്രമോഷണൽ വീഡിയോയും ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് അബ്ദുറഹിമാൻ ഇ.പി.യും കലാഞ്ജലി ചെയർമാൻ ഡോ. ഹസൻ കുഞ്ഞിയും ചേർന്ന് പുറത്തിറക്കി. കലാഞ്ജലി 2024-ന്റെ സുവനീർ പ്രകാശനം ഇന്ത്യൻ കമ്മ്യൂണിറ്റി ബിനവൊലെന്റ് ഫോറം പ്രസിഡണ്ട് ഷാനവാസ് ബാവയും ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ ശൈഖ് ഷമീം സാഹിബും ചേർന്നാണ് നിർവഹിച്ചത്.
നാല് വേദികളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ നീണ്ടുനിൽക്കുന്ന മൂന്ന് ദിവസത്തെ ഇന്റർസ്കൂൾ മത്സരത്തിൽ ഓരോ ഇനത്തിലും ഒരു വിദ്യാലയത്തിൽ നിന്ന് രണ്ടു കുട്ടികൾക്ക് പങ്കെടുക്കാം. ഈ വർഷം അധ്യാപകർക്കായി പ്രത്യേക “ടീച്ചേഴ്സ് പെർഫോർമൻസ് ഡേയും“ പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാർത്ഥികൾക്ക് കലാപരിപാടികൾ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയതായി സംഘാടകർ പറഞ്ഞു.
വിദ്യാഭ്യാസ മികവിനുള്ള അവാർഡുകളും കോ-ഓർഡിനേറ്റർമാർക്കും പരിശീലന കേന്ദ്രങ്ങൾക്കും ആദരവുകളും പരിപാടിയുടെ ഭാഗമായി നൽകും. ഫുഡ് ഫെസ്റ്റിവൽ, വിവിധ പ്രദർശനങ്ങൾ തുടങ്ങിയവയും അഞ്ചുദിവസത്തെ പരിപാടിയുടെ ഭാഗമായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ഐസിസി ജനറൽ സെക്രട്ടറി എബ്രഹാം കെ. ജോസഫ്, ഐ സി ബി എഫ് പ്രസിഡന്റ്
ഷാനവാസ് ടി. ബാവ, ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് അബ്ദുറഹിമാൻ ഇ.പി, ഡോ. ഹസൻ കുഞ്ഞി (ചെയർമാൻ, കലാഞ്ജലി) ബിനു കുമാർ – (പ്രസിഡണ്ട്, കലാഞ്ജലി) അൻവർ ഹുസൈൻ ( ജനറൽ സെക്രട്ടറി, കലാഞ്ജലി) ഷെയ്ഖ് ഷമീം സാഹിബ് (പ്രിൻസിപ്പൽ, ഐഡിയൽ ഇന്ത്യൻ സ്കൂൾ) എന്നിവർ പങ്കെടുത്തു.