ദോഹ– വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനും ഖത്തറിലെ ആദ്യകാല വ്യാപാരപ്രമുഖനുമായ, തൃശൂർ, വടക്കെകാട്, തൊഴിയൂർ സ്വദേശി പിപി ഹൈദര്‍ഹാജി (90) അന്തരിച്ചു. ഹൈസണ്‍ ഹൈദര്‍ഹാജി എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം അസുഖബാധിതനായി ചികിത്സയില്‍ കഴിയവെയാണ് ആണ് മരണമടഞ്ഞതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ: പരേതയായ എം. ജമീല. ഫൈസല്‍, ജമാല്‍, അന്‍വര്‍, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ്‌സെന്റര്‍) നസീമ മക്കളാണ്. മരുമകന്‍ അശ്‌റഫ് (ന്യൂഇന്ത്യന്‍ സൂപ്പര്‍മാര്‍ക്കറ്റ്). ദോഹയിലെ അബൂഹമൂറിൽ ഇന്ന് രാത്രി ഖബറടക്കും.
1962 ജനുവരിയില്‍ ഖത്തറിലെത്തിയ അദ്ദേഹം മുംബൈ വഴി കപ്പലില്‍ ദോഹയിലെത്തിയ പഴയകാല ഇന്ത്യന്‍ പ്രവാസികളിലൊരാളാണ്. 48 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫാമിലി ഫുഡ് സെന്റര്‍ എന്ന സ്ഥാപനം ആരംഭിച്ച അദ്ദേഹം ഖത്തറിലെ ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കക്കാരനുമാണ്. 1974 ല്‍ എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന് തുടക്കം കുറിക്കാന്‍ നേതൃത്വം വഹിച്ചു. നാട്ടിലും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദയാപുരം അല്‍ഇസ്ലാം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ തുടക്കക്കാരില്‍ ഒരാളാണ്. ദയാപുരം സ്ഥാപനങ്ങളുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. ദോഹ, എംഇഎസ് പ്രസിഡന്റായിരുന്നു. ചിറ്റലപ്പള്ളിയിലെ ഐഡിയല്‍ എഡ്യുക്കേഷന്‍ സൊസൈറ്റി വിദ്യാഭ്യാസ സമുച്ഛയങ്ങളുടെ സ്ഥാപക ചെയര്‍മാനാണ്. ഫാമിലി ഫുഡ്‌സെന്ററിന്റെ മാനേജിംഗ് ഡയരക്ടര്‍, ഹൈസണ്‍ മോട്ടോര്‍സ് മാനേജിംഗ് ഡയരക്ടര്‍, കോഴിക്കോട് ഹൈസണ്‍ ഹോട്ടല്‍ മാനേജിംഗ് ഡയരക്ടര്‍ എന്നിങ്ങനെ പ്രവര്‍ത്തിച്ച അദ്ദേഹം ഓവര്‍കോണ്‍ഗ്രസ്സ് പ്രസിഡന്റായി രാഷ്ട്രീയ രംഗത്തും ഇടപെടല്‍ നടത്തി. ഖത്തറിലെ ഐസിബിഎഫ് ഉള്‍പ്പെടെ സംഘടനകളില്‍ പ്രവര്‍ത്തിച്ച ഹൈദർഹാജി മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങളില്‍ സംഭാവനയര്‍പ്പിച്ച വ്യക്തിത്വവുമായിരുന്നു. ഫോറം ഫോര്‍ കമ്മ്യൂണല്‍ ഹാര്‍മണിയുടെ ജനറല്‍സെക്രട്ടറിയായും ശക്തമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.