കുവൈത്ത് സിറ്റി – കുവൈത്തിലെ സ്വബാഹ് അൽഹമദ് സീ സിറ്റിയിൽ പ്രവർത്തിക്കുന്ന കള്ളനോട്ട് കേന്ദ്രം അന്വേഷണം ഉദ്യോഗസ്ഥർ കണ്ടെത്തി. 20 കുവൈത്തി ദിനാർ മുതൽ നിരവധി വ്യാജ നോട്ടുകളാണ് ഇവിടെ അച്ചടിച്ചിരുന്നത്. സംഭവത്തിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ നിരവധി പ്രദേശത്ത് നോട്ട് വിതരണം ചെയ്തതായി പ്രതി സമ്മതിച്ചു.
കുടുംബത്തിന്റെ പേരിലുള്ള കെട്ടിടത്തിൽ തന്നെ വെച്ചാണ് നോട്ടുകൾ അടിച്ചിറക്കിയിരുന്നത്. ഏകദേശം 20ലധികം പ്രിന്റിങ് മെഷീനുകൾ, സ്‌കാനറുകളും പേപ്പര്‍ കട്ടറുകൾ അച്ചടി ഘട്ടത്തിലുള്ള കള്ളനോട്ടുകൾ, വ്യാജ നോട്ട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കൾ എന്നിവ കൂടാതെ മയക്കു മരുന്ന് ഉപയോഗിക്കാനുള്ള നിരവധി സാമഗ്രികളും കണ്ടെടുത്തു.
ഖൈതാൻ പോലീസിന് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് സ്വബാഹ് അൽഹമദ് സീ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കള്ളനോട്ട് കേന്ദ്രം കണ്ടെത്തിയത്.