ദോഹ– മരുന്നുകളടക്കം നിരവധി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 15 മുതൽ 75 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം. ഹൃദയ രോഗങ്ങൾ, ഡയബറ്റീസ്, മാനസിക പിരിമുറുക്കം, വേദനസംഹാരികൾ, ആന്റിബയോട്ടിക്‌സ്, കാൻസർ ചികിത്സക്കുള്ള മരുന്നുകൾ എന്നിവയും വിലകുറവ് പ്രഖ്യാപിച്ച ലിസ്റ്റിൽ ഉൾപ്പെടുന്നു.
സാധാരണ ഉപയോഗിക്കുന്ന മരുന്നുകൾ താങ്ങാൻ കഴിയാവുന്ന വിലയിൽ ലഭ്യമാക്കാൻ ശ്രമിക്കുകയാണെന്ന് ഫാർമസി ആൻഡ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്‌മെന്റ് ഡയറക്ടർ ഡോ. ആയിഷ ഇബ്രാഹിം അൻസാരി പ്രതികരിച്ചു. സ്ഥിരമായി ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വില നിരീക്ഷിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്ന വിലയിൽ ഗുണമേന്മ നിലനിർത്തി മാർക്കറ്റിൽ മരുന്നുകൾ ലഭിക്കുന്നുണ്ടെന്ന് പൊതു ആരോഗ്യ മന്ത്രാലയം ഉറപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.