റിയാദ്– മൂന്നര പതിറ്റാണ്ടിലധികമായി ബത്ഹയില്‍ പ്രവര്‍ത്തിക്കുന്ന റിയാദ് സലഫി മദ്രസയുടെ ആര്‍ട്‌സ് ഫെസ്റ്റ് ‘മെഹ്ഫില്‍ 2k26’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആര്‍ട്‌സ് ഫെസ്റ്റില്‍ വിദ്യാര്‍ഥികളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. സമുഹത്തില്‍ നിലനില്‍ക്കുന്ന അധാര്‍മ്മിതകള്‍ക്കെതിരയുള്ള ഒരു തൗഹീദി വിളമ്പരമായിരിക്കും മെഹ്ഫില്‍ 2k26. ഉച്ചക്ക് രണ്ട് മണിക്ക് പരിപാടി ആരംഭിക്കും. ഉദ്ഘാടന സമ്മേളത്തില്‍ റിയാദിലെ മത സാംസ്‌കാരിക സാമൂഹിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. നമ്മുടെ മക്കള്‍ നാം അറിയേണ്ടത് എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ വാഗ്മി ഉനൈസ് പാപിനിശ്ശേരി സംവദിക്കും. കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ മദ്രസ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിക്കും. വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്, ഒപ്പന, സൗദി കള്‍ച്ചറല്‍ ഡാന്‍സ്, ടേബിള്‍ കൊളോക്കിയം തുടങ്ങിയ ഇനങ്ങളില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ 1992ല്‍ ആരംഭിച്ച മദ്രസയില്‍ നിന്ന് ഇതിനോടകം അയ്യായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മികച്ച അധ്യാപകരുടെ സേവനവും സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും മദ്രസയുടെ പ്രത്യേകതയാണ്. എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്‍ക്കും ടീനേജ് പ്രായക്കാര്‍ക്കുള്ള പ്രത്യേക മതപഠന കോഴ്‌സും സലഫി മദ്രസയുടെ സവിശേഷതയാണ്.
വാര്‍ത്താസമ്മേളനത്തില്‍ റിയാദ് ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദു റസാഖ് സ്വലാഹി, വൈസ് പ്രസിഡന്റ് നൗഷാദ് അലി കോഴിക്കോട്, ട്രഷറര്‍ അബ്ദുസ്സലാം ബുസ്താനി, സലഫി മദ്രസ പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി, മദ്രസ മാനേജര്‍ അബ്ദു വഹാബ് പാലത്തിങ്കല്‍, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര, പിടിഎ പ്രസിഡണ്ട് മഹ്‌റൂഫ്, ട്രഷറര്‍ നൗഫല്‍ കുനിയില്‍, മെഹ്ഫില്‍ കണ്‍വീനര്‍ ഫര്‍ഹാന്‍ കാരക്കുന്ന്, സ്റ്റാഫ് സെക്രട്ടറി ബാസില്‍ പുളിക്കല്‍, നിസാര്‍ അരീക്കോട്, സിബ്ഗത്തുല്ല തെയ്യാല, അസീല്‍ പുളിക്കല്‍, വാജിദ് ചെറുമുക്ക്, ഇസ്മായില്‍ മമ്പുറം, വാജിദ് കരിപ്പൂര്‍,മുജീബ് ഒതായി എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0564206383 നമ്പറില്‍ കണ്‍വീനറുമായി ബന്ധപ്പെടണം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



