ഷാർജ– ഷാര്‍ജയില്‍ പട്ടാപ്പകല്‍ കാര്‍ മോഷിച്ച് കടന്നുകളഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഷാര്‍ജ പൊലീസ്. സിസിടിവി ദ്യശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായകമായത്. മോഷ്ടാവിനെതിരായ നിയമ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.
ഷാര്‍ജയിലെ തിരക്കേറിയ ഒരു പ്രദേശത്തായിരുന്നു നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. യുഎഇ സ്വദേശിയായ ഒരു യുവാവ് തന്റെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ശേഷം തൊട്ടടുത്ത കടയിലേക്ക് പോയി. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം തിരികെ എത്തിയപ്പോള്‍ കാര്‍ മറ്റൊരാള്‍ ഓടിച്ചു പോകുന്നതാണ് കണ്ടത്. വാഹനത്തിന്റെ ലോക്ക് തുറന്നു കിടന്നതും വിന്‍ഡോ ഗ്ലാസ് ഭാഗികമായി താഴ്ത്തി വെച്ചതുമാണ് മോഷ്ടാവിന് തുണയായത്.
എന്തുചെയ്യണമെന്നറിയാതെ അല്‍പ്പനേരം അന്തിച്ചു നിന്ന യുവാവ് വാഹനത്തിന് പിന്നാലെ ഓടിയെങ്കിലും മോഷ്ടാവ് കാറുമായി കടന്നുകളയുകയായിരുന്നു.
പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഒരു ക്യാമറയിൽ മോഷ്ടാവിന്റെ മുഖവും കാർ പോയ ദിശയും വ്യക്തമായി പതിഞ്ഞിരുന്നു. തുടർന്ന് കാറിന്റെ നമ്പറും മറ്റ് അടയാളങ്ങളും സഹിതം പൊലീസ് എല്ലാ യൂണിറ്റുകൾക്കും വിവരം കൈമാറി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്ത് കാർ കണ്ടെത്തി. പ്രദേശം വളഞ്ഞ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയും വാഹനം ഉടമയ്ക്ക് കൈമാറുകയും ചെയ്തു.



