റിയാദ്– സൗദി അറേബ്യയിൽ ഔഷധ സംഭരണവും വിതരണവും സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിനു പത്ത് ഫാർമസികൾക്ക് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) 17 ലക്ഷം റിയാൽ (ഏകദേശം 3.75 കോടി രൂപ) പിഴ ചുമത്തിയാതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. വിപണിയിൽ മരുന്നുകളുടെ ലഭ്യതയും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മരുന്നുകളുടെ നീക്കം നിരീക്ഷിക്കുന്ന ഇലക്ട്രോണിക് സംവിധാനമായ ‘RSD’ വഴി വിവരങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യാത്തതിന് ഏഴ് ഫാർമസികൾക്കും, രജിസ്റ്റർ ചെയ്ത മരുന്നുകൾ പ്രാദേശിക വിപണിയിൽ ലഭ്യമാക്കാത്തതിന് രണ്ട് ഫാർമസികൾക്കും പിഴ ലഭിച്ചു. കൂടാതെ, മരുന്നുകളുടെ ക്ഷാമമോ വിതരണ തടസ്സമോ ആറ് മാസം മുൻകൂട്ടി അറിയിക്കാത്തതിന് ഒരു ഫാർമസിക്കെതിരെയും നടപടിയെടുത്തു.
നിർമ്മാണം മുതൽ ഉപഭോക്താവിലേക്ക് എത്തുന്നതുവരെ മരുന്നുകൾ ട്രാക്ക് ചെയ്യുന്നതിനും വ്യാജ മരുന്നുകൾ തടയുന്നതിനുമായാണ് സൗദി വിഷൻ 2030-ന്റെ ഭാഗമായുള്ള RSD സിസ്റ്റം ഉപയോഗിക്കുന്നത്. ഇത്തരം നിയമലംഘനങ്ങൾക്ക് 50 ലക്ഷം റിയാൽ വരെ പിഴയും ആറ് മാസം വരെ സ്ഥാപനം അടച്ചുപൂട്ടലും ശിക്ഷയായി ലഭിക്കാം. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്നവർക്ക് 19999 എന്ന നമ്പറിൽ വിവരം അറിയിക്കാവുന്നതാണ്.



