കുവൈത്ത് സിറ്റി– സബ്‌സിഡി നിരക്കില്‍ സര്‍ക്കാര്‍ വില്‍ക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കടത്തുന്ന സംഘം പിടിയില്‍. നാലു ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട സംഘത്തെയാണ് കുവൈത്ത് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തത്.
ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമ്പാറ്റിംഗ് ഫിനാന്‍ഷ്യല്‍ ക്രൈംസ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് മാരിറ്റൈം പോര്‍ട്ട് ഇന്‍വെസ്റ്റിഗേഷന്‍സ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് എന്നിവ സഹകരിച്ചാണ് സംഘത്തെ പിടികൂടിയത്.
ഇരുമ്പാണെന്ന വ്യാജേന വിദേശത്തേക്ക് കയറ്റി അയക്കാന്‍ ശ്രമിച്ച പത്തു കണ്ടെയ്‌നറുകള്‍ക്കകത്ത് പെട്രോളിയം ഉല്‍പന്നങ്ങളാണെന്ന് കസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ കണ്ടെത്തിയതോടെയാണ് കള്ളക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്യാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചത്.
അന്വേഷണത്തില്‍ കുവൈത്ത് നഗരസഭാ ഉദ്യോഗസ്ഥാനായ കുവൈത്തി പൗരന്‍ ഖാലിദ് മുത്‌ലഖ് അല്‍മുതൈരിക്കും പാര്‍ട്ണര്‍ ആയ ആഭ്യന്തര മന്ത്രാലയത്തില്‍ സെര്‍ജന്റ് റാങ്കില്‍ സേവനമനുഷ്ഠിക്കുന്ന മുത്‌ലഖ് ഫലാഹ് അല്‍മുതൈരിക്കും ഇന്ത്യക്കാരനായ സികന്ദ്ര ജോണിനും ഈജിപ്തുകാരനായ അഹ്മദ് അലി മുഹമ്മദ് ഹസനും കള്ളക്കടത്തില്‍ പങ്കുള്ളതായി വ്യക്തമായി.
ഇവര്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ കബ്ദ് ഏരിയയില്‍ ശേഖരിച്ച് കണ്ടെയ്‌നറുകളിലും ടാങ്കുകളിലും സൂക്ഷിക്കുകയും കസ്റ്റംസിന് തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ച് അനധികൃതമായി വിദേശത്തേക്ക് കയറ്റി അയക്കുകയുമായിരുന്നു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ സംഭരിച്ച് കണ്ടെയ്‌നറുകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന കബ്ദ് ഏരിയയിലെ സംഘത്തിന്റെ കേന്ദ്രം റെയ്ഡ് ചെയ്ത അധികൃതര്‍ ഇന്ത്യക്കാരായ മുഹമ്മദ് ശരീഫ് ശൈഖ് നായിബ്, വിജയന്‍ പിന്‍ക്രിസെന്‍, തങ്കരാജ് രാമസ്വാമി എന്നിവരെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍ പെട്രോള്‍ കടത്തില്‍ പങ്കുള്ളതായി സമ്മതിച്ച ഇവര്‍ ഖാലിദ് മുത്‌ലഖ് അല്‍മുതൈരി എട്ടു മാസമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായും പ്രതിമാസം രണ്ടു തവണ വീതം പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കടത്തുന്നതായും പറഞ്ഞു. കൂടുതല്‍ അന്വേഷണങ്ങളിലൂടെ കള്ളക്കടത്ത് സംഘത്തിന് കൂട്ടുനിന്ന, സുവൈഖ് തുറമുഖത്തെ കസ്റ്റംസ് ഉദ്യോഗസ്ഥനായ കുവൈത്തി പൗരന്‍ അബ്ദുല്‍ അസീസ് സൗദ് അല്‍ദാഫിരിയും അറസ്റ്റിലായി.
പെട്രോളിയം ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന കബ്ദ് ഏരിയയിലെ കൃഷി ഭൂമി അല്‍വലീദ് യുനൈറ്റഡ് കമ്പനിയെ പ്രതിനിധീകരിക്കുന്ന സിറിയക്കാരനായ കുറ്റവാളി വലീദ് ഖാസിം ഈസയില്‍ നിന്ന് കള്ളക്കടത്ത് സംഘം വാടകക്കെടുത്തതാണെന്നും വ്യക്തിപരമായ നേട്ടങ്ങള്‍ക്ക് സിറിയക്കാരന്‍ കൃഷി ഭൂമി നിയമവിരുദ്ധമായി വിഭജിച്ച് വ്യാവസായ, കണ്‍സ്ട്രക്ഷന്‍ കമ്പനികള്‍ക്ക് വാടകക്ക് നല്‍കുകയായിരുന്നെന്നും കണ്ടെത്തി.
കുവൈത്ത് നഗരസഭാ ഉദ്യോഗസ്ഥാനായ കുവൈത്തി പൗരന്‍ ഖാലിദ് മുത്‌ലഖ് അല്‍മുതൈരിയാണ് കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി. സബ്‌സിഡി നിരക്കില്‍ രാജ്യത്ത് വില്‍ക്കുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് വിലക്കുണ്ട്. ഇത് മറികടന്ന് കുറഞ്ഞ വിലക്ക് പ്രാദേശിക വിപണിയില്‍ നിന്ന് വാങ്ങുന്ന പെട്രോളിയം ഉല്‍പന്നങ്ങള്‍ വിദേശത്തേക്ക് കടത്തി ആഗോള വിപണി വിലക്ക് വില്‍പന നടത്തി വന്‍ ലാഭം കൊയ്യുകയാണ് സംഘം ചെയ്തിരുന്നത്.