ദോഹ– കൊടും ചൂടിൽ വെന്തെരിയുന്ന ഖത്തറിലെ ചില സ്ഥലങ്ങളിൽ എത്തിയാൽ മനോഹരമായ ഒരു കാഴ്ച നിങ്ങളെ എതിരേൽക്കും…
പല ടേബിളുകളിലായി വെള്ളവും ലഘു ഭക്ഷണങ്ങളും കരുതിയിരിക്കുന്ന ഒരു കാഴ്ച.. താമസ സമുച്ചയങ്ങളുടെ ലോബിയിലോ വീടുകളുടെ ഗേറ്റിന് പുറത്തോ ഈ കാഴ്ച കാണാം.
വേനൽ കാലത്തെ കൊടും വെയിലത്തും ഓടി നടന്ന് ജോലി ചെയ്യുന്ന തങ്ങളുടെ പ്രദേശത്തെ ഡെലിവറി ജീവനക്കാർക്കുള്ള ഖത്തറിലെ സ്വദേശികളോ വിദേശികളോ ആയവരുടെ സ്നേഹ സമ്മാനമാണിത്..
ഈ അധ്വാനിക്കുന്ന വിഭാഗത്തോട്”ഒരൽപ്പം വെള്ളം കുടിക്കൂ, ഒന്ന് വിശ്രമിക്കൂ” എന്ന സ്നേഹ സന്ദേശമാണ് അവർ ഇതിലൂടെ പങ്കുവെക്കുന്നത്..
സമയം വൈകീട്ട് നാല് മണി, സെൻട്രൽ ദോഹയിലെ ഒരു റെസിഡൻഷൽ കെട്ടിടത്തിൽ ഉച്ചഭക്ഷണത്തിന്റെ വിതരണം പൂർത്തിയാക്കി തിരിച്ചു വരുമ്പോളാണ് പാകിസ്ഥാനി ഡെലിവറി ഡ്രൈവറായ അഹ്‌മദ് അത് കാണുന്നത്, മൂന്ന് വർഷമായി അഹ്‌മദ് ഈ ജോലി ചെയ്തു വരികയാണ് ഖത്തറിൽ…
ഒരു താമസക്കാരൻ ഒരുക്കിയ ഒരു ചെറിയ മേശയിൽ നിന്ന് ഒരു തണുത്ത കുപ്പി വെള്ളവും ഗ്രാനോള ബാറും അഹ്‌മദ് എടുക്കുമ്പോൾ വയറു നിറക്കുന്നതിനോടൊപ്പം മനസ്സും നിറയ്ക്കുന്നവരാണ് ഖത്തറിലെ ജനങ്ങൾ എന്നു നമുക്ക് നിസ്സംശയം പറയാം…
“ആളുകൾ ഞങ്ങൾക്ക് ലഘുഭക്ഷണവും വെള്ളവും കരുതി വെക്കുന്നത് ഞാൻ പല സമയത്തായി ശ്രദ്ധിച്ചു തുടങ്ങി, അത് വളരെ ആശ്വാസകരമാണ്”..ഒരു ചെറു പുഞ്ചിരിയോടെ അഹ്‌മദ് പറഞ്ഞു.
അഹമ്മദിന് മാത്രമല്ല, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ പല സ്ഥലങ്ങളിൽ നിന്നുള്ള നിരവധി റൈഡർമാർക്കും പറയാനുള്ളത് ഇതേ കഥയാണ്..
തുടക്കത്തിൽ ഇത് സൗജന്യമാണോ അതോ ഇതിന് പണം നൽകേണ്ടിവരുമോ എന്ന ആശങ്ക തങ്ങളുടെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് ഒരു നേപ്പാളി ഡെലിവറി ജീവനക്കാരൻ പറയുന്നു.
ഇനി ഇതിനു പിന്നിലെ കുറച്ചു പിന്നാമ്പുറ കഥകളും ഒന്ന് കേട്ടു നോക്കാം..
ലഘുഭക്ഷണ മേശ ഒരുക്കുക എന്നത്
ദോഹയിൽ താമസിക്കുന്ന അധ്യാപികയായ സൈനബിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു.
“ആളുകൾ ഡ്രൈവർമാർക്ക് വെള്ളവും ലഘുഭക്ഷണവും നൽകുന്ന ഒരു പ്രവണത ഞാൻ ഓൺലൈനിൽ കണ്ടു, അങ്ങിനെയാണ് ഞാനും അത് ചെയ്യാൻ തീരുമാനിക്കുന്നത്,” അവർ പറഞ്ഞു.
കെട്ടിട മാനേജരിൽ നിന്ന് അനുമതി നേടിയ ശേഷം, ലോബിയിൽ കുപ്പിവെള്ളം, ജ്യൂസ്, ആരോഗ്യകരമായ ലഘുഭക്ഷണങ്ങൾ എന്നിവയുമായി ഒരു ചെറിയ മേശ ഒരുക്കുകയായിരുന്നെന്ന് സൈനബ്.
ലോകത്തിൽ നടക്കുന്ന കാര്യങ്ങളിൽ നമുക്ക് മാനവികമായ ഒരു കാഴ്ചപ്പാടും അതിനനുസൃതമായ പ്രവർത്തന രീതിയും വേണമെന്നും സൈനബ് പറഞ്ഞു.
‘നിങ്ങളിൽ ഏറ്റവും മികച്ചത് സ്വഭാവത്തിൽ ഏറ്റവും മികച്ചവരാണ്.’
എന്ന നബി വചനവും സൈനബ് നമ്മെ ഓർമ്മിപ്പിക്കുന്നു..
യഥാർത്ഥ ഇസ്ലാം എന്താണെന്ന് ഇതിലൂടെ ആളുകൾക്ക് കാണിച്ചു കൊടുക്കാൻ സാധിക്കുമെന്നും സൈനബ് വ്യക്തമാക്കി.
അതേസമയം,ഖത്തറിൽ പുറം തൊഴിലാളികൾക്കുള്ള ഉച്ചവിശ്രമ ചട്ടം എല്ലാ വർഷതിലുമെന്ന പോലെ ഈ ജൂൺ 1 മുതലും പ്രാബല്യത്തിൽ വന്നിരുന്നു. തൊഴിൽ മന്ത്രാലയത്തിന്റേതായിരുന്നു പ്രഖ്യാപനം. ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ളതാണ് ഉച്ചവിശ്രമ ചട്ടം.
ഈ ഇടവേള ഉണ്ടായാൽ പോലും ഈ ജോലി പലപ്പോഴും ദുഷ്കരമായതാണെന്ന് ഓരോ ഡ്രൈവർമാരുടെയും വാക്കുകളിൽ നിന്ന് വ്യക്തമാണ്.
വെയിലും, നിർജ്ജലീകരണവും അടക്കം പലതും ഡെലിവറി ജീവനക്കാരുടെ ജീവിതത്തിൽ വെല്ലുവിളികളായി മാറുന്നുണ്ട്. അതിനിടയിൽ തണുത്ത കുടിവെള്ളവും ലഘു ഭക്ഷണവും അവർക്ക് ആശ്വാസത്തിന്റെ കുളിർക്കാറ്റായി മാറുന്നു..