കുവൈത്ത് സിറ്റി– 2025 ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ കുവൈത്തിന് വൻനേട്ടം. ആഗോളതലത്തിൽ 30-ാം സ്ഥാനത്തും ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനത്തുമാണ് രാജ്യം. ഗാലപ്പും ഐക്യരാഷ്ട്രസഭയുടെ സസ്‌റ്റൈനബിൾ ഡവലപ്മെൻറ് സൊലൂഷ്യൻസുമായും സഹകരിച്ച് ഓക്സ്ഫോർഡ് സർവകലാശാലയിലെ സെൻ്റർ ഫോർ വെൽബീയിംഗാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2022 മുതൽ 2024 വരെയുള്ള ശരാശരി ഡാറ്റ ഉപയോഗിച്ച് വ്യക്തികളുടെ ജീവിതത്തെക്കുറിച്ചുള്ള സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട്. സാമൂഹിക ഐക്യം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, പൊതുജന വിശ്വാസം എന്നിവയുൾപ്പെടെ നിരവധി പ്രധാന മേഖലകളിൽ കുവൈത്തിൻ്റെ പുരോഗതി റിപ്പോർട്ട് എടുത്തുകാണിക്കുന്നു. ജീവിത സംതൃപ്‌തി അളക്കുന്ന പ്രധാന മെട്രിക് ആയ കാന്റിൽ ലാഡറിൽ കുവൈത്ത് ആഗോളതലത്തിൽ 30-ാം സ്ഥാനം നേടി. ആഗോള സംഭാവന സൂചികയിൽ 33-ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 46-ാം സ്ഥാനത്തും, അപരിചിതരെ സഹായിക്കുന്നതിൽ 27-ാം സ്ഥാനത്തുമാണ് രാജ്യം. ഇങ്ങനെ ഉപസൂചകങ്ങളിലും രാജ്യം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
ഗൾഫിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സാണ് മുന്നിലുള്ളത്. ഓവറോൾ ഹാപ്പിനസിൽ ആഗോളതലത്തിൽ 21-ാം സ്ഥാനത്തും സംഭാവനാ സൂചികയിൽ 16-ാം സ്ഥാനത്തും, സന്നദ്ധസേവനത്തിൽ 19-ാം സ്ഥാനത്തുമാണ് യുഎഇ. സൗദി അറേബ്യ കുവൈത്തിന് പിറകിൽ ആഗോളതലത്തിൽ 32-ാം സ്ഥാനത്താണ്. സംഭാവനകളിൽ 48-ാം സ്ഥാനത്തും സന്നദ്ധസേവനത്തിൽ 92-ാം സ്ഥാനത്തുമാണ് രാജ്യം.
അറബ് രാജ്യങ്ങളിൽ ലിബിയ 74, അൾജീരിയ 83, ജോർദാൻ 22, ഇറാഖ് 93, ലെബനൻ 99, ഫലസ്തീൻ 101, ഈജിപ്‌ത് 110, മൊറോക്കോ 111, സുഡാൻ 117, ടുണീഷ്യ 119, ജിബൂട്ടി 120, മൗറിത്താനിയ 122 എന്നിങ്ങനെയാണ് സ്ഥാനങ്ങൾ.