റാമല്ല: തന്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പയുടെ സമാധാന ശ്രമങ്ങൾ പിന്തുടരാൻ പുതിയ പോപ്പ് ലിയോ പതിനാലാമനോട് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഗാസയിലെ ക്രിസ്ത്യാനികളും ഹമാസ് നേതൃത്വവും ആഹ്വാനം ചെയ്തു.
തന്റെ മഹത്തായ ദൗത്യം പിന്തുടരുന്നതിലും അന്തരിച്ച പോപ്പ് ഫ്രാൻസിസിന്റെ പാരമ്പര്യം നിലനിർത്തുന്നതിലും ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ വിജയത്തിന് ആശംസകൾ അറിയിച്ച് ഫലസ്തീൻ പ്രസിഡന്റ് സന്ദേശം അയച്ചതായി, വത്തിക്കാൻ പുതിയ പോപ്പിനെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചതിന് പിന്നാലെ മഹ്മൂദ് അബ്ബാസിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ന്യായമായ കാരണങ്ങൾ സംരക്ഷിക്കുന്നതിൽ വത്തിക്കാന്റെ ധാർമികവും മതപരവും രാഷട്രീയവുമായ പങ്കിന്റെ പ്രാധാന്യം ഫലസ്തീൻ പ്രസിഡന്റ് എടുത്തു പറഞ്ഞു. ഫലസ്തീൻ ജനതക്കും അവരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനും മുൻഗണന നൽകണമെന്നും പുതിയ പോപ്പിനോട് ഫലസ്തീൻ പ്രസിഡന്റ് ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ഗാസയിലെ ക്രിസ്ത്യൻ സമൂഹം പറഞ്ഞു. യുദ്ധത്തിൽ തകർന്ന ഗാസക്ക് മുൻഗാമിയായ ഫ്രാൻസിസ് മാർപ്പാപ്പ നൽകിയതുപോലെ പുതിയ പോപ്പും പ്രാധാന്യം നൽകുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പോപ്പിന്റെ തെരഞ്ഞെടുപ്പിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഫ്രാൻസിസ് മാർപ്പാപ്പയെപ്പോലെ അദ്ദേഹത്തിന്റെ ഹൃദയം ഗാസക്കൊപ്പം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഗാസയിലെ ഹോളി ഫാമിലി ചർച്ചിലെ എമർജൻസി കമ്മിറ്റി തലവനായ ജോർജ് ആന്റൺ (44) റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ കണ്ണുകളിലൂടെ ഗാസയെ നോക്കാനും ഫ്രാൻസിസ് മാർപ്പാപ്പയുടെ ഹൃദയം കൊണ്ട് അത് അനുഭവിക്കാനും ഞങ്ങൾ പുതിയ പോപ്പിനോട് അഭ്യർത്ഥിക്കുന്നു. പുതിയ പോപ്പ് ഗാസക്കും അതിന്റെ സമാധാനത്തിനും പ്രാധാന്യം നൽകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്നും ആന്റൺ കൂട്ടിച്ചേർത്തു.
ഗാസയിലെ ഹോളി ഫാമിലി ചർച്ച് കോംപൗണ്ടിൽ 450 ക്രിസ്ത്യാനികളും, പ്രായമായവർക്കും കുട്ടികൾക്കുമുള്ള അഭയകേന്ദ്രവും ഉണ്ടെന്നും അഭയകേന്ദ്രത്തിൽ 30 മുസ്‌ലിംകളുമുണ്ടെന്നും ആന്റൺ പറഞ്ഞു. ഗാസയിലെ 23 ലക്ഷം ജനസംഖ്യയിൽ ഏകദേശം 1,000 ക്രിസ്ത്യാനികളാണുള്ളത്. അവരിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്‌സ് വിഭാഗക്കാരാണ്. അടിച്ചമർത്തപ്പെട്ടവരെ പിന്തുണക്കുന്നതിലും ഗാസയിലെ വംശഹത്യ നിരാകരിക്കുന്നതിലും അന്തരിച്ച പോപ്പിന്റെ പാത പുതിയ പോപ്പ് പിന്തുടരുന്നതിനായി കാത്തിരിക്കുകയാണെന്ന് പോപ്പ് ലിയോയെ അഭിനന്ദിച്ച് പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.
ഷിക്കാഗോയിൽ നിന്നുള്ള, അധികം അറിയപ്പെടാത്ത മിഷനറിയായ കർദ്ദിനാൾ റോബർട്ട് പ്രെവോസ്റ്റ്, കത്തോലിക്കാ സഭയുടെ പുതിയ തലവനായി അപ്രതീക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ട് ആദ്യത്തെ യു.എസ് പോപ്പായി മാറി ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ചു. 2023 ഒക്‌ടോബറിൽ ഗാസയിൽ യുദ്ധം ആരംഭിച്ച് വൈകാതെ ഗാസയിൽ സമാധാനത്തിനായി ഫ്രാൻസിസ് മാർപ്പാപ്പ നിരന്തരം ശ്രമിക്കുകയും നിരന്തരം പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിക്കാൻ നേതൃത്വം നൽകുകയും ചെയ്തു.