ജിദ്ദ/ദോഹ– സെപ്റ്റംബറിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെയും മാൾട്ട പ്രധാനമന്ത്രി റോബർട്ട് അബേലയുടെയും പ്രഖ്യാപനങ്ങളെ സൗദി അറേബ്യ സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള പാത ശക്തിപ്പെടുത്തുകയും ഫലസ്തീൻ ജനതയുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്യുന്ന ഈ തീരുമാനത്തെ സൗദി വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചു. സമാധാനത്തിനായി മറ്റ് രാജ്യങ്ങളും ഈ ഗൗരവമേറിയ നടപടി സ്വീകരിക്കണമെന്ന് സൗദി അറേബ്യ ആഹ്വാനം ചെയ്തു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെയും മാൾട്ടയുടെയും തീരുമാനത്തെ ഖത്തറും സ്വാഗതം ചെയ്തു. 1967-ലെ അതിർത്തികളിൽ കിഴക്കൻ ജറൂസലേം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അവകാശത്തിന് ഈ നടപടി പിന്തുണ നൽകുന്നതായി ഖത്തർ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര നിയമങ്ങൾക്കും യുഎൻ സുരക്ഷാ സമിതി പ്രമേയങ്ങൾക്കും അനുസൃതമായ ഈ തീരുമാനം, ഫലസ്തീൻ പ്രശ്നത്തിന്റെ സമാധാനപരമായ പരിഹാരത്തിനും ദ്വിരാഷ്ട്ര പരിഹാരത്തിനും വഴിയൊരുക്കുമെന്ന് ഖത്തർ പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനെ ഇതുവരെ അംഗീകരിക്കാത്ത രാജ്യങ്ങളോട് സമാന നടപടികൾ സ്വീകരിക്കാൻ ഖത്തർ ആവശ്യപ്പെട്ടു.
കാനഡയുടെ തീരുമാനത്തിന് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള ഫോൺ സംഭാഷണത്തിൽ നന്ദി രേഖപ്പെടുത്തി. ദ്വിരാഷ്ട്ര പരിഹാരം സംരക്ഷിക്കുന്നതിനുള്ള നിർണായക സന്ദർഭത്തിലാണ് ഈ ധീരമായ നിലപാട് കാനഡ സ്വീകരിച്ചതെന്ന് അബ്ബാസ് പറഞ്ഞു. പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള പ്രതിബദ്ധത അദ്ദേഹം ഉറപ്പിച്ചു. തെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന ഫലസ്തീൻ കക്ഷികൾ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ രാഷ്ട്രീയ പരിപാടിയും അന്താരാഷ്ട്ര കടമകളും അംഗീകരിക്കണമെന്നും, ‘ഒരു രാഷ്ട്രം, ഒരു നിയമം, ഒരു നിയമാനുസൃത ആയുധം’ എന്ന തത്വങ്ങൾ പാലിക്കണമെന്നും അബ്ബാസ് വ്യക്തമാക്കി.
എന്നാൽ, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനം കാനഡയുമായുള്ള വ്യാപാര കരാർ ബുദ്ധിമുട്ടാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. “ഫലസ്തീനെ പിന്തുണക്കുന്നതായി കാനഡ പ്രഖ്യാപിച്ചു. ഇത് വ്യാപാര കരാർ ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടാക്കും,” ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിൽ കുറിച്ചു. ഫലസ്തീനെ അംഗീകരിക്കുന്നത് ഹമാസിന് പ്രതിഫലം നൽകലാണെന്ന് ട്രംപ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.