അബുദാബി: ഗാസയിൽ നിന്ന് 188 രോഗികളെയും അവരുടെ കൂട്ടിരിപ്പുകാരെയും രാജ്യത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സക്കായി എത്തിച്ചതായി യു.എ.ഇ അറിയിച്ചു. ഗാസ മുനമ്പിൽ പരുക്കേറ്റ 1,000 ഫലസ്തീൻ കുട്ടികൾക്കും 1,000 കാൻസർ രോഗികൾക്കും യു.എ.ഇ ആശുപത്രികളിൽ ചികിത്സയും ആരോഗ്യ സംരക്ഷണവും നൽകാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്‌യാൻ നേരത്തെ നിർദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 188 രോഗികളെയും കൂട്ടിരിപ്പുകാരെയും യു.എ.ഇയിലെത്തിച്ചതെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് യു.എ.ഇ ഇസ്രായിലിലെ റാമോൺ വിമാനത്താവളത്തിൽ നിന്നും ഗാസ അതിർത്തിയിലെ കറം അബൂസാലിം ക്രോസിംഗ് വഴിയുമാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. 101 രോഗികളെയും 87 കുടുംബാംഗങ്ങളെയുമാണ് ഏറ്റവും ഒടുവിൽ യു.എ.ഇയിലെത്തിച്ചത്. ഇതോടെ ഗാസയിൽ നിന്ന് ചികിത്സക്കായി യു.എ.ഇയിലെത്തിച്ച രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആകെ എണ്ണം 2,634 ആയി.
ഫലസ്തീൻ ജനതക്കുള്ള യു.എ.ഇയുടെ ചരിത്രപരമായ പിന്തുണയുടെയും നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ഗാസ നിവാസികൾക്കുള്ള പിന്തുണയുടെയും ഭാഗമായാണ് ഗാസയിൽ നിന്ന് പരിക്കേറ്റവരെയും രോഗികളെയും ചികിത്സക്കായി യു.എ.ഇ ആശുപത്രികളിലെത്തിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രിയും എമിറേറ്റ്‌സ് ഇന്റർനാഷണൽ എയ്ഡ് ഏജൻസി ഡെപ്യൂട്ടി ചെയർമാനുമായ സുൽത്താൻ അൽശാംസി പറഞ്ഞു. യു.എ.ഇയുടെ മാനുഷിക സംരംഭങ്ങൾ കുട്ടികളും സ്ത്രീകളും പ്രായമായവരും അടക്കം ഗാസ നിവാസികൾ നേരിടുന്ന വിനാശകരമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നു. ഈ നിർണായക സമയത്ത് ഫലസ്തീനിലെ സഹോദരീസഹോദരന്മാർക്ക് സഹായഹസ്തം നീട്ടാനും കര, കടൽ, വായു മാർഗങ്ങളിലൂടെ ദുരിതാശ്വാസ വസ്തുക്കൾ എത്തിക്കാനും യു.എ.ഇ എല്ലാ ശ്രമങ്ങളും നടത്തുന്നു.
ഗാസയിലെ മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനും സാധ്യമായ എല്ലാ മാർഗങ്ങളിലൂടെയും റിലീഫ് വസ്തുക്കളുടെ സുസ്ഥിരമായ ഒഴുക്ക് ഉറപ്പാക്കാനുമുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിന് ഐക്യരാഷ്ട്രസഭയുമായും മറ്റു അന്താരാഷ്ട്ര പങ്കാളികളുമായും ചേർന്ന് അക്ഷീണം പ്രവർത്തിക്കുന്നതും ഇക്കാര്യത്തിൽ നേതൃപരമായ പങ്ക് വഹിക്കുന്നതും യു.എ.ഇ തുടരും. 2023 ഒക്‌ടോബറിൽ പ്രതിസന്ധി ആരംഭിച്ച ശേഷം ഗാസ നിവാസികൾക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയ രാജ്യങ്ങളുടെ കൂട്ടത്തിൽ യു.എ.ഇ ഒന്നാം സ്ഥാനത്താണ്. ഇക്കാലയളവിൽ ഗാസയിൽ എത്തിച്ച മൊത്തം സഹായത്തിന്റെ 40 ശതമാനത്തിലേറെ യു.എ.ഇയുടെ സംഭാവനയാണെന്നും സുൽത്താൻ അൽശാംസി പറഞ്ഞു.