മനാമ– കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമീപം ഡൈവിംഗിനിടെ കടലിൽ കാണാതായ രണ്ട് ബഹ്‌റൈൻ പൗരന്മാരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പേരെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഒരാളെ രക്ഷിച്ചതായും അധികൃതർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് സാനി മറൈൻ ഏരിയയിലെ ചെറിയ ബോട്ടിൽ ഡൈവിംഗിനായി ഇരുവരും പുറപ്പെട്ടത്. എന്നാൽ പിന്നീട് ഇരുവരെയും കാണാതാവുകയായിരുന്നു. അസീസ് നസീബ്, മുഹമ്മദ് ഇസ്മായിൽ എന്നിവരെയാണ് കാണാതായത്.
സൗദി അറേബിയയിൽ നിന്നും ബഹ്‌റൈനിൽ നിന്നും രക്ഷാപ്രവർത്തകർ ഉടനെയെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയും അസീസ് നസീബിനെ രക്ഷിക്കുകയും ചെയ്തു. എന്നാൽ, തിരച്ചിലിനൊടുവിൽ മുഹമ്മദ് ഇസ്മായിലിന്റെ മൃതദേഹമാണ് രക്ഷാപ്രവർത്തകർക്ക് ലഭിച്ചത്.
കിംഗ് ഫഹദ് കോസ്‌വേയ്ക്ക് സമീപം ഡൈവിംഗ് നടത്തുന്നതിനിടെ മരിച്ച 36 വയസ്സുള്ള മുഹമ്മദ് ഇസ്മായിലിന്റെ മൃതദേഹം കണ്ടെടുത്തതായി ആഭ്യന്തര മന്ത്രാലയം എക്സിൽ കുറിച്ചു. സംഭവത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ചു. എല്ലാ പൗരന്മാരോടും താമസക്കാരോടും കടൽ യാത്രകൾ, പ്രത്യേകിച്ച് ഡൈവിംഗ്, മീൻപിടുത്തം എന്നിവയ്ക്കായി പോകുമ്പോൾ സുരക്ഷാ നടപടികൾ കർശനമായി പാലിക്കണമെന്നും ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.