ലണ്ടന്‍- ഒമാന്‍ വിനോദ സഞ്ചാര മേഖലയില്‍ ഡിജിറ്റല്‍ രംഗത്തെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നൂതന സാങ്കേതിക വിദ്യയും പ്രാദേശിക ടൂറിസം മേഖലയിലെ ചെറുകിട സംരഭകരേയും സമന്വയിപ്പിക്കുന്ന പദ്ധതികളുമായി വിസിറ്റ് ഒമാന്‍. ഒമാന്റെ ടൂറിസം ഓഫറുകളുടെ ഡിജിറ്റല്‍ വിതരണം വര്‍ധിപ്പിക്കാനായി പ്രാദേശിക ടൂറിസം ദാതാക്കളെയും ചെറുകിട സംരഭകരേയും ശാക്തീകരിക്കുന്നതിനുമുള്ള പദ്ധതികളുമായി ഒമാന്റെ വിനോദ സഞ്ചാരത്തിന് മേല്‍നോട്ടം വഹിക്കുന്ന വിസിറ്റ് ഒമാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച പദ്ധതികള്‍ ലണ്ടനില്‍ നടന്ന 2025 വേള്‍ഡ് ട്രാവല്‍ മാര്‍ക്കറ്റില്‍ (ഡബ്ല്യുടിഎം) വിസിറ്റ് ഒമാന്‍ അവതരിപ്പിച്ചു. ഒപ്പം ആഗോള യാത്രാ പ്ലാറ്റ് ഫോമുകളുമായി കരാറുകളില്‍ ഒപ്പിട്ടതായും വിസിറ്റ് ഒമാന്‍ വ്യക്തമാക്കി.
പ്രമുഖ ആഗോള യാത്രാ പ്ലാറ്റ്ഫോമുകളായ ടിയുഐ മ്യൂസ്മെന്റ്, ക്ലൂക്ക്, ട്രിപ്പ്വൈസര്‍ കമ്പനിയായ ബോകുന്‍ എന്നിവയുമായാണ് ധാരണയിലെത്തിയത്. ഇതോടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിനും ആഗോള കണക്റ്റിവിറ്റിക്കുമുള്ള സാധ്യത വര്‍ധിക്കുകയാണ്. തത്സമയ ഡിജിറ്റല്‍ വിതരണത്തിലൂടെ പ്രാദേശിക ടൂറിസം ദാതാക്കളെയും ചെറുകിട സംരഭകരേയും വളര്‍ത്താന്‍ അത് ഉപകരിക്കും. ആഗോള പ്ലാറ്റ്ഫോമുകളിലുടനീളം ഒമാന്റെ അനുഭവങ്ങള്‍, താമസ സൗകര്യങ്ങള്‍, യാത്രാ സേവനങ്ങള്‍ എന്നിവ സംയോജിപ്പിച്ചാണ് സംവിധാനം പ്രവര്‍ത്തിക്കുക. ആഗോള സഞ്ചാരികള്‍ക്ക് ചലനാത്മകവും അനുഭവ സമ്പന്നവുമായ ഒരു ലക്ഷ്യസ്ഥാനമായി ഒമാനെ മാറ്റാനാണ് ഈ ഏജന്‍സികള്‍ വഴി ശ്രമിക്കുക. ധാരണാപത്രങ്ങള്‍ ഒപ്പുവെച്ചതിനു പുറമെ ഗ്ലോബല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം റെസിലിയന്‍സ് കൗണ്‍സിലുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോറിംഗ് ടെക്‌നോളജി ആന്‍ഡ് ആള്‍ട്ടര്‍നേറ്റീവ് ഡിസ്ട്രിബ്യൂഷന്‍ മെത്തഡോളജി’ എന്ന പ്രമേയത്തില്‍ ഒരു ഉന്നതതല എക്‌സിക്യൂട്ടീവ് വട്ടമേശാ യോഗവും വിസിറ്റ് ഒമാന്‍ സംഘടിപ്പിച്ചു.
അമേഡിയസ്, സോജേണ്‍, വിഒഎക്‌സ് ഗ്രൂപ്പ്, ചെയിന്‍4ട്രാവല്‍, ഹോപ്പര്‍, വെര്‍സ്റൈറ്റ്, ട്രിപ്പ്.കോം ഗ്രൂപ്പ്, അണ്ടര്‍ദിഡോര്‍മാറ്റ്, അഗോഡ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ ട്രാവല്‍ ടെക് നേതാക്കള്‍ യാത്രാ മേഖലയിലെ വിതരണത്തിനും പ്രതിരോധശേഷിക്കും നൂതനമായ സമീപനങ്ങളെക്കുറിച്ച് ചടങ്ങില്‍ ചര്‍ച്ച ചെയ്തു. ”പുതിയ വിനോദ സഞ്ചാര ശക്തികള്‍ രംഗത്തുവരുന്ന ഭൗമശാസ്ത്ര സാഹചര്യമാണുള്ളത്. അതിനനുസരിച്ചുള്ള ഷിഫ്റ്റുകളും സ്വാഭാവികമാണ്. ഈ സാഹചര്യത്തെ എങ്ങിനെ നേരിടാമെന്നാണ് ഒമാന്‍ പദ്ധതികളിലൂടെ ശ്രമിക്കുന്നത്”- വിസിറ്റ് ഒമാന്റെ മാനേജിംഗ് ഡയറക്ടര്‍ ഷബീബ് ബിന്‍ മുഹമ്മദ് അല്‍ മാമാരി വ്യക്തമാക്കി. മധ്യപൂര്‍വ്വേഷ്യയില്‍ വിനോദ സഞ്ചാര രംഗത്ത് വളര്‍ച്ചയുടെ മുന്‍നിരയിലാണ് ഇപ്പോഴും ഒമാന്റെ സ്ഥാനം. . സുരക്ഷ, സമ്പന്നമായ സാംസ്‌കാരിക പൈതൃകം എന്നിവയ്ക്ക് പേരുകേട്ട ഒമാന്‍ പുതിയ രീതികള്‍ പിന്തുടരുകയാണ്. ആഗോള സന്ദര്‍ശകരെ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികളാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.



