മസ്‌കത്ത് – കിഴക്കന്‍ മസ്‌കത്തിലെ വാദി അല്‍കബീര്‍ ഏരിയയില്‍ മസ്ജിദ് കോംപൗണ്ടിലുണ്ടായ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെടുകയും ഏതാനും പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചെ സുബ്ഹി നമസ്‌കാരത്തിന് വിശ്വാസികള്‍ മസ്ജിദില്‍ ഒത്തുകൂടിയ സമയത്താണ് വെടിവെപ്പുണ്ടായത്. സംഭവത്തില്‍ മുഴുവന്‍ നിയമാനുസൃത നടപടികളും സ്വീകരിച്ചതായി ഒമാന്‍ പോലീസ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ തെളിവ് ശേഖരിക്കലും അന്വേഷണവും പൂര്‍ത്തിയാക്കിവരുന്നതായും പോലീസ് പറഞ്ഞു.
മസ്ജിദിനു സമീപം സുരക്ഷാ വകുപ്പ് വാഹനങ്ങള്‍ എത്തുന്നതിന്റെയും തുരുതുരാ വെടിവെപ്പ് നടക്കുന്നതിന്റെയും മസ്ജിദില്‍ നിന്ന് ജീവനും കൊണ്ട് ആളുകള്‍ പുറത്തേക്കോടുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വെടിവെപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ യന്ത്രത്തോക്ക് ഉപയോഗിച്ച് ഒരു ആയുധധാരി വെടിവെപ്പ് നടത്തുകയായിരുന്നെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.