മസ്കത്ത്– വിനോദ സഞ്ചാര മേഖലയില്‍ വന്‍കുതിച്ചുചാട്ടത്തിനൊരുങ്ങി ഒമാന്‍. 2025 അവസാനത്തോടെ ടൂറിസം മേഖലയില്‍ സ്വകാര്യ മേഖലയില്‍ നിന്ന് 3 ബില്യണ്‍ റിയാല്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്ന് ്പൈതൃക, ടൂറിസം മന്ത്രാലയത്തിലെ ടൂറിസം വികസന ഡയറക്ടര്‍ ജനറല്‍ അമീറ ബിന്ത് ഇഖ്ബാല്‍ അല്‍ ലവാത്തി പറഞ്ഞു. ഗള്‍ഫ് മേഖലയിലെ തന്നെ ഏറ്റവും വലിയ വിനോദ സഞ്ചാര മേഖലയാക്കി ഒമാനെ മാറ്റുക എന്ന ലക്ഷ്യവുമായി വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണെന്നും അവര്‍ വിശദീകരിച്ചു
ഈ വര്‍ഷം ഒപ്പുവെച്ച പതിനാല് കരാറുകള്‍ ഉള്‍പ്പെടെ സ്വകാര്യ-പൊതു പങ്കാളിത്തത്തോടെയുള്ള 45 കരാറുകളാണ് നിലവില്‍ വന്നതെന്നും പദ്ധതികള്‍ ഉടന്‍ പ്രാബല്യത്തിലാവുമെന്നും ടൂറിസം വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 2021 മുതല്‍ 25 വരെയുള്ള കാലയളവില്‍ വിനോദ സഞ്ചാര മേഖലയില്‍ 2.59 ബില്യണ്‍ റിയാല്‍ നിക്ഷേപമാണ് ഉണ്ടായതെന്നും ഒമാന്‍ പൈതൃക സംരക്ഷണ ടൂറിസം മന്ത്രാലയം (എംഎച്ഛ്ടി) അറിയിച്ചു.
അന്തര്‍ദേശീയ സന്ദര്‍ശകര്‍ക്ക് പരമാവധി ആസ്വദിക്കാനുള്ള അവസരമൊരുക്കുന്നതോടൊപ്പം പ്രാദേശിക ജനതക്ക് പ്രയോജനപ്രദമാവുകയും ചെയ്യുന്ന വിനോദ സഞ്ചാര പദ്ധതികളാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും രാജ്യത്തിന്റെ ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന തരത്തില്‍ സ്വകാര്യ നിക്ഷേപം കൂടി ക്ഷണിച്ചുള്ളതാണ് ഇവയെന്നും അമീറ ബിന്ത് ഇഖ്ബാല്‍ അല്‍ ലവാത്തി വ്യക്തമാക്കി.


ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്രാ നിലവാരത്തിലുള്ളതും ആകര്‍ഷണീയവുമായ താമസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, പൈതൃക-പരിസ്ഥിതി ടൂറിസം, പര്‍വതാരോഹണ ടൂറിസം, സാഹസിക ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയെല്ലാം ലക്ഷ്യങ്ങളിലുള്പ്പെട്ടതാണ്. ചെറുകിട ഇടത്തരം സംരംഭങ്ങളെ കൂടി പ്രോത്സാഹിപ്പിക്കുന്നതാണ് തങ്ങളുടെ പദ്ധതികളെന്നും വന്‍കിട മാത്രമല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
മസ്കത്തില് വൈവിധ്യമാര്‍ന്ന ഭൂപ്രകൃതിക്കും വന്യജീവികള്‍ക്കും പേരുകേട്ട ഒരു ഇക്കോ ടൂറിസം ക്യാമ്പ് വരും. റാസ് അല്‍ ഷാജര്‍ നേച്ചര്‍ റിസര്‍വിനടുത്തുള്ള ഖുറൈയാത്തിലാണ് ഈ ആഡംബര ടൂറിസ്റ്റ് ക്യാമ്പ് നിലവില്‍ വരിക. ദഖ്ലിയയില് അല്‍ ഹംറയില്‍ ഒരു പുതിയ ആഡംബര ടൂറിസ്റ്റ് കേന്ദ്രവും ജബല്‍ അഖ്ദറിന്റെ സായി ഖത്നയിലും അല്‍ ഷെയ്ഫിലും രണ്ട് ത്രീ-സ്റ്റാര്‍ ഹോട്ടലുകള്‍ നിലവില്‍ വരും. നിസ്വയിലെ സാലില്‍ ഒരു പഞ്ചനക്ഷത്ര റിസോര്‍ട്ട് ആണ് പണികഴിപ്പിക്കുന്നത്. ത്രീ സ്റ്റാര്‍ മുതല്‍ ഫോര്‍ സ്റ്റാര്‍ വരെ വിഭാഗത്തിലുള്ള മൂന്ന് റിസോട്ടുകളും അല്‍ ഹംറയിലെ പ്രധാന പദ്ധതികളിലുള്‍പ്പെടുന്നു. സൗത്ത് ബാതിന മേഖലയില്‍ മുസന്നയിലെ അല്‍ അവീദില് ഒരു ത്രീ-സ്റ്റാര്‍ റിസോര്‍ട്ട് മറ്റൊരു ആകര്‍ഷണീയ പദ്ധതിയാണ്. നോര്‍ത്ത് ഷാര്ഖിയയില് ബിദിയയിലെ അല്‍ റാക്കയില്‍ ഒരു ആഡംബര ടൂറിസം ക്യാമ്പ് ആണ് ലക്ഷ്യമിടുന്നത്. ഇത് മരുഭൂമിയിലെ സാഹസിക വിനോദ സഞ്ചാരത്തിനുള്ള ഇടമായാണ് മാറ്റുക. സിനാവിനായി ഒരു ത്രീ-സ്റ്റാര്‍ ഹോട്ടലും ആസൂത്രണം ചെയ്തിട്ടുണ്ട്. ദോഫാറില്‍, ഗവര്‍ണറേറ്റിലെ ജനപ്രിയ സ്ഥലമായ മുഗ്സൈല്‍ കടല്‍ത്തീര വിനോദം വിപുലീകരിക്കുന്നതിന്റെ ഭാഗമായി റഖ്യുത്തില് ഒരു വിശ്രമകേന്ദ്രം കൂടി നിലവില്‍ വരും. ബുറൈമിയിലെ വാദി അല്ജിസിയില് ഒരു വിശ്രമ കേന്ദ്രം നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. ഈ പ്രദേശത്തിന്റെ പ്രകൃതിയുമായും പരിസ്ഥിതിയുമായും യോജിക്കുന്ന തരത്തിലുള്ള രൂപകല്‍പ്പനയിലാണ് വിശ്രമകേന്ദ്രം വരിക.