മസ്‌കത്ത് – വിദേശ പൗരന്മാര്‍ക്ക് കലാ, സാംസ്‌കാരിക മേഖലകളില്‍ ജോലി ചെയ്യാനും താല്‍ക്കാലികമായി താമസിക്കാനും വ്യക്തമായ നിയമപരമായ വഴികള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ഒമാന്‍ സാംസ്‌കാരിക വിസ പദ്ധതിക്ക് തുടക്കം കുറിച്ചു. അക്കാദമിക് വിദഗ്ധര്‍, സര്‍ഗാത്മക പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് വിസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഭരണപരമായ തടസ്സങ്ങള്‍ കുറക്കുക, പരിപാടികള്‍, ഗവേഷണ പദ്ധതികള്‍, എന്നിവയില്‍ സുഗമമായ സാന്നിധ്യം സാധ്യമാക്കുക എന്നിവയാണ് പുതിയ വിസ നയത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര വൈജ്ഞാനിക സഹകരണത്തിനും സാംസ്‌കാരിക പങ്കാളിത്തത്തിനുമുള്ള കേന്ദ്രമായി സ്വയം സ്ഥാപിക്കാനുള്ള ഒമാന്റെ അഭിലാഷം മുന്നോട്ട് കൊണ്ടുപോകാനും ഈ സംരംഭത്തിലൂടെ ശ്രമിക്കുന്നു.
സംസ്‌കാര കേന്ദ്രീകൃത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശ പൗരന്മാര്‍ക്ക് ഇപ്പോള്‍ ഈ വിസ പ്രയോജനപ്പെടുത്താവുന്നതാണ്. സാംസ്‌കാരിക വിനിമയങ്ങള്‍, കലാപരമായ നിര്‍ദേശങ്ങള്‍, സംയുക്ത ഗവേഷണം, സാഹിത്യ സിമ്പോസിയങ്ങള്‍, ഉത്സവങ്ങള്‍, കലാ-സാംസ്‌കാരിക പരിപാടികളുടെ മാനേജ്‌മെന്റ്, പങ്കാളിത്തം എന്നിവക്കുള്ള പ്രവേശന, ഹ്രസ്വകാല താമസ സൗകര്യങ്ങള്‍ പെര്‍മിറ്റില്‍ ഉള്‍പ്പെടുന്നു. ഒന്ന്, അഞ്ച്, പത്ത് വര്‍ഷത്തെ കാലാവധിയോടെ വിസ ലഭ്യമാണ്. ഓരോന്നിനും 50 ഒമാനി റിയാലിന്റെ വാര്‍ഷിക ഫീസ് നല്‍കണം. കുടുംബ അനുഗമനത്തിനും വ്യവസ്ഥകള്‍ നിലവിലുണ്ട്. സാംസ്‌കാരിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ പങ്കാളികളെയും ഫസ്റ്റ്-ഡിഗ്രി ബന്ധുക്കളെയും ഉള്‍പ്പെടുത്താവുന്നതാണ്.
വേഗത്തിലുള്ളതും നിയമാനുസൃതവുമായ ഉപയോഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, വിസ ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ ആക്ടിവേറ്റ് ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പോലീസും ബന്ധപ്പെട്ട ഏജന്‍സികളും വ്യവസ്ഥ ചെയ്യുന്നു. സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ ജോലി ചെയ്യുന്നതോ പങ്കെടുക്കുന്നതോ ആയ വിദേശികളുടെ നിയമപരമായ സാന്നിധ്യം വ്യവസ്ഥാപിതമാക്കുക, ബന്ധപ്പെട്ട അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ നിയമ, വ്യവസ്ഥകള്‍ അവര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ പദ്ധതിയുടെ കേന്ദ്രബിന്ദുവാണ്. വിദേശ പങ്കാളിത്തത്തിന് നിയമപരമായ ചട്ടക്കൂട് വാഗ്ദാനം ചെയ്യല്‍, അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും കൈമാറ്റത്തെ പിന്തുണക്കല്‍, അന്താരാഷ്ട്ര പ്രതിഭകളെ കൂടുതല്‍ എളുപ്പത്തില്‍ ക്ഷണിക്കാനും ആതിഥേയത്വം നല്‍കാനും ഒമാനി സ്ഥാപനങ്ങളെ അനുവദിക്കല്‍, ലോകവുമായി ബന്ധിപ്പിച്ചിരിക്കുന്ന തുറന്ന വിജ്ഞാന സമൂഹം കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിട്ടുള്ള ഒമാന്റെ സാംസ്‌കാരിക തന്ത്രം 2040 നെ പിന്തുണക്കല്‍ എന്നിവ അടക്കം സാംസ്‌കാരിക വിസക്ക് അടിവരയിടുന്ന നിരവധി ലക്ഷ്യങ്ങള്‍ പൊതുരേഖകള്‍ വ്യക്തമാക്കുന്നു.
പുതിയ സംവിധാനം സാംസ്‌കാരിക ടൂറിസത്തെ ഉത്തേജിപ്പിക്കുകയും ദേശീയ സമ്പദ്വ്യവസ്ഥക്ക് മൂല്യം കൂട്ടുകയും അന്താരാഷ്ട്ര പങ്കാളികളുമായുള്ള ബൗദ്ധിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഒമാനി കലാ-സാംസ്‌കാരിക പരിപാടികളില്‍ വിദേശ പങ്കാളിത്തം സുഗമമാക്കുന്നതിലൂടെ അന്താരാഷ്ട്ര ഇടപെടലിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനും രാജ്യത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ കൂടുതല്‍ പങ്കാളിത്തം വളര്‍ത്താനും ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നു.



