മസ്ക്കത്ത്– അടുത്ത വർഷം നടക്കുന്ന ടി-20 ലോകകപ്പിന്റെ ഏഷ്യ – ഈസ്റ്റ് ഏഷ്യ – പസഫിക് യോഗ്യത മത്സരത്തിലെ സൂപ്പർ സിക്സിലെ അവസാന പോരാട്ടത്തിൽ ജപ്പാനെ പരാജയപ്പെടുത്തി ഒമാൻ. കഴിഞ്ഞ ദിവസം തന്നെ യോഗ്യത ഉറപ്പാക്കിയ ഒമാൻ വിക്കറ്റിന്റെ വമ്പൻ വിജയമാണ് സ്വന്തമാക്കിയത്. ആദ്യ ബാറ്റ് ചെയ്ത ജപ്പാൻ 18.2 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒമാൻ ഹമ്മദ് മിർസയുടെ അർദ്ധ സെഞ്ച്വറി കരുത്തിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മൂന്ന് ഓവറുകൾ ബാക്കി നിൽക്കെ വിജയം ലക്ഷ്യം കണ്ടു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ജപ്പാൻ ഒരു ഘട്ടത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് എന്ന നിലയിൽ ആയിരുന്നു. തുടർന്ന് എത്തിയ ഇബ്രാഹിം തകഹാഷി നേടിയ 29 റൺസാണ് സ്കോർ 100 കടത്തിയത്. ചാൾസ് ഹിൻസ് (15), എസം റഹ്മാൻ (12), കെൻഡൽ കഡോവാക്കി-ഫ്ലെമിംഗ്(10) എന്നിവരാണ് ഇരട്ടയക്കം കടന്ന മറ്റു ബാറ്റ്സ്മാർ. ഒമാനിന് വേണ്ടി സുഫിയാൻ മെഹ്മൂദ് മൂന്ന് വിക്കറ്റുകൾകരസ്ഥമാക്കിയപ്പോൾ കരസ്ഥമാക്കിയപ്പോൾ ഫൈസൽ ഷാ, നദീം ഖാൻ, ജിതേൻകുമാർ രാമാനന്ദി എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
104 വിജയലക്ഷ്യവുമായി ഇറങ്ങിയ ഒമാന്റെ തുടക്കം മന്ദഗതിയിൽ ആയിരുന്നു. ക്യാപ്റ്റൻ ആമിർ കലീം 28 റൺസുമായി പുറത്താകുമ്പോൾ 10.4 ഓവറിൽ 55 റൺസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. തുടർന്ന് ഹമ്മദ് മിർസ (55 പന്തുകളിൽ നിന്ന് 50 റൺസ്) ക്രീസിൽ എത്തിയ വസീം അലിയെ ( 19 പന്തുകളിൽ നിന്ന് 25) കൂട്ടുപിടിച്ചു വിജയം ലക്ഷ്യം കണ്ടു.
ജയത്തോടെ സൂപ്പർ സിക്സിലെ അഞ്ചു മത്സരങ്ങളിൽ നാലിലും ജയിച്ച് ഒമാൻ രണ്ടാമത് എത്തി