മസ്ക്കത്ത് – ഒമാൻ ചെയർമാൻ ഇലവിനെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ 43 റൺസിന്റെ ജയത്തോടെ പരമ്പര സ്വന്തമാക്കി കേരളം. ആദ്യം ബാറ്റ് ചെയ്ത കേരളം വിഷ്ണു വിനോദിന്റെ സെഞ്ച്വറി കരുത്തിൽ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ ഒമാനിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.
ടോസ് ലഭിച്ച ഒമാൻ കേരളത്തിനെ ബാറ്റിങിന് അയച്ചു തുടക്കം തന്നെ കൃഷ്ണപ്രസാദിനെ മടക്കി. പിന്നാലെ വിനൂപ് മനോഹനും നഷ്ടമായതോടെ കേരളം പ്രതിസന്ധിയിലായി. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ സാലി സാംസണെ കൂട്ടുപിടിച്ച് വിഷ്ണു റൺസ് ഉയർത്തി. വിഷ്ണു വിനോദ് അർദ്ധ സെഞ്ചറിയും സ്വന്തമാക്കിയ പിന്നാലെ 30 റൺസുമായി സാലി മടങ്ങി. പിന്നീട് വന്ന അർജുനും, അഖിലും നിരാശപ്പെടുത്തിയപ്പോൾ അൻഫലുമായി ചേർന്നാണ് വിഷ്ണു സ്കോർ 190ൽ എത്തിച്ചത്. വിഷ്‌ണു 57 പന്തുകളിൽ 101 റൺസാണ് അടിച്ചെടുത്തത്. അൻഫൽ 13 പന്തുകളിൽ നിന്ന് 32 റൺസും നേടി. ഇരുവരും പുറത്താകതെ നിന്നു.
മറുപടി ബാറ്റിങിന് ഇറങ്ങിയ ഒമാൻ തുടക്കത്തിൽ മികച്ച കളി പുറത്തെടുത്തെങ്കിലും കേരളം ബൗളിങ് ശക്തമാക്കിയതോടെ വിക്കറ്റുകൾ തുടരെ നഷ്ടപ്പെട്ടു. അവസാനം ഓവറുകളിൽ സിക്രിയ നേടിയ 30 റൺസാണ് ടീമിനെ 147ൽ എത്തിച്ചത്. താരം തന്നെയാണ് ടീമിന്റെ ടോപ് സ്കോറർ.
കേരളത്തിനുവേണ്ടി അഖിൽ നാലു വിക്കറ്റുകൾ എറിഞ്ഞെടുത്തപ്പോൾ ജെറിൻ മൂന്നും വിക്കറ്റും സ്വന്തമാക്കി പരമ്പര നേടുന്നതിൽ നിർണായക പങ്കു വഹിച്ചു.
ആദ്യം മത്സരത്തിൽ കേരളം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളും ജയിച്ചാണ് പരമ്പര സ്വന്തമാക്കിയത്.