മസ്കത്ത് – ഒമാനിലെ അൽദഖിലിയ ഗവർണറേറ്റിലെ ഇസ്കി വിലായത്തിലെ വാദിയിൽ ഒഴുക്കിൽപ്പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചതായി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കടുത്ത കാലാവസ്ഥ ഇപ്പോഴും തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ കുട്ടിയെ കാണാതായതായെന്ന് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് എമർജൻസി സംഘങ്ങളെ അയച്ചതായി ഒമാൻ സെർച്ച് ആന്റ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പിന്നീട് നടന്ന തിരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇടിമിന്നൽ, കനത്ത മഴ, ആലിപ്പഴ വർഷം എന്നിവ ഒന്നിലധികം ഗവർണറേറ്റുകളിൽ അനുഭവപ്പെട്ടു. അൽബുറൈമി, അൽദാഹിറ, അൽദഖിലിയ, നോർത്ത്, സൗത്ത് അൽബത്തീന, മസ്കത്ത്, നോർത്ത്, സൗത്ത് അൽശർഖിയ എന്നിവയുടെ ചില ഭാഗങ്ങളിൽ ശക്തമായകാറ്റ് അനുഭവപ്പെട്ടു.
വെള്ളിയാഴ്ച വൈകുന്നേരം മുതൽ ശനിയാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷനിലെ പ്രവചന, മുന്നറിയിപ്പ് സിസ്റ്റം വകുപ്പ് മേധാവി ഹലീൽ ബിൻ സാലിം അൽഹാജിരി പറഞ്ഞു. ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിലേക്കും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം വ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇടത്തരം മുതൽ കനത്ത മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. മുൻകരുതൽ നടപടികൾ നിലനിൽക്കുന്നതിനാൽ, കഴിയുന്നത്ര വീടുകൾക്കുള്ളിൽ തന്നെ തുടരാനും വെള്ളം കയറിയ വാദികളും താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കാനും സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.



