മസ്‌കത്ത്– ഒമാന്‍ ഇന്ത്യന്‍ എംബസിക്ക് കീഴിലെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ പുതിയ ആഗോള സേവന ഏജന്‍സി വഴി തുടക്കമായി. ഇന്നു (2025 ജൂലൈ 1) മുതല്‍ ആണ് പുതിയ സംവിധാനം നിലവില്‍ വന്നത്. എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസസ് എല്‍.എല്‍.സി മുഖേനയാണ് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ ലഭ്യമായി തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ എല്ലാ സേവനങ്ങളും അല്‍ ഖുവൈറിലെ ഡിപ്ലോമാറ്റിക് ഏരിയയിലുള്ള എംബസി പരിസരത്ത് നിന്ന് തന്നെയാണ് എസ്ജിഐവിഎസ് ഗ്ലോബല്‍ നല്‍കിത്തുടങ്ങിയത്. സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഒമാനിലുടനീളം 11 പുതിയ അപേക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. 2025 ആഗസ്റ്റ് 15-ഓടെ ഈ 11 പുതിയ കേന്ദ്രങ്ങളും പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകും. മസ്‌കത്ത്, സലാല, സോഹാര്‍, ഇബ്രി, സൂര്‍, നിസ്വ, ദുഖ്മ്, ഇബ്ര, ഖസബ്, ബുറൈമി, ബര്‍ക്ക എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാവുകയെന്ന് അധികൃതര്‍ വിശദീകരിച്ചു. ”2025 ജൂലൈ 1 മുതല്‍ കോണ്‍സുലാര്‍, പാസ്പോര്‍ട്ട്, വിസ സേവനങ്ങള്‍ പുതിയ സേവന ദാതാവായ എസ്ജിഐവിഎസ് ഗ്ലോബല്‍ സര്‍വീസസ് വഴിയായിരിക്കും ലഭ്യമാക്കുക. മാറ്റത്തിന്റെ ആരംഭ ഘട്ടത്തില്‍, എംബസിയില്‍ നിന്ന് തന്നെയായിരിക്കും സേവനങ്ങള്‍. പിന്നീട് 2025 ആഗസ്റ്റ് 15-ഓടെ ഒമാനിലുടനീളം 11 പുതിയ സര്‍വ്വീസ് കേന്ദ്രങ്ങള്‍ തുറക്കും. അപേക്ഷകര്‍ അതനുസരിച്ച് ആസൂത്രണം ചെയ്യാനും ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കാനും നിര്‍ദ്ദേശിക്കുന്നു.”- എംബസി ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. സേവനങ്ങളുടെ ഈ മാറ്റം അപേക്ഷകര്‍ക്ക് ചില്ലറ തടസ്സങ്ങള്‍ക്ക് കാരണമായേക്കാമെന്നും പൊതുജനങ്ങള്‍ ഇത് മനസ്സിലാക്കി സഹകരിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. ഒമാന്‍ ഇന്ത്യന്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റും സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളും വഴി ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാന്‍ ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group