മസ്‌കത്ത്– ഒമാന്‍ എയര്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി ഹമൂദ് ബിന്‍ മുസ്ബഹ അല്‍അലാവിയെ നിയമിച്ചു. ഒമാന്‍ ഗതാഗത വിവര സാങ്കേതിക വകുപ്പ് മന്ത്രിയും ഒമാന്‍ എയര്‍ ചെയര്‍മാനുമായ സയീദ് ബിന്‍ ഹമൗദ് അല്‍ മവാലിയാണ് നിയമനം അറിയിച്ചത്. സ്വദേശീ നേതാക്കളെ രാജ്യത്തെ പ്രധാന തസ്തികകളില്‍ നിയമിക്കുന്നതിന്റെ ഭാഗംകൂടിയാണ് ഈ നീക്കം.
ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ നിന്നാണ് അലാവി ഒമാന്‍ എയറിലെത്തുന്നത്. ഒമാന്‍ എയര്‍പോര്‍ട്‌സ് മാനേജ്‌മെന്റ് കമ്പനിയില്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്നു. വിമാനത്താവളത്തിന്റെ വിവിധ വികസന പരിപാടികളില്‍ പ്രധാന പങ്കാളിത്തം വഹിച്ചു. ക്കുകയും വിമാനത്താവളത്തിന്റെ സ്വന്തം പരിവര്‍ത്തന പരിപാടി ആരംഭിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തു.
‘ഹമൂദ് അല്‍ അലാവിയുടെ നിയമനം എയര്‍ലൈനിനും രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്കും അഭിമാനകരമായ സന്ദര്‍ഭം കൂടിയാണ്. ഒമാന്‍ എയര്‍പോര്‍ട്ട്‌സ് മാനേജ്‌മെന്റ് കമ്പനിയിലെ തന്റെ ജോലിയില്‍ അദ്ദേഹം അസാധാരണമായ നേതൃത്വ പാടവം പ്രകടിപ്പിച്ച വ്യക്തിത്വമാണ്. ഒമാന്റെ ദേശീയ എയര്‍ലൈനായ ഒമാന്‍ എയര്‍വെയിസിനും അദ്ദേഹം അതേ പോലെ ചടുലമായ നേതൃത്വം വഹിക്കുമെന്ന് ഉറപ്പുണ്ട്. പല മേഖലകളിലുള്ള ഒമാനി പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗം കൂടിയാണീ നിയമനം.”- മന്ത്രി സയീദ് ബിന്‍ ഹമൗദ് അല്‍ മവാലി വ്യക്തമാക്കി. ഹമൂദ് അല്‍ അലാവി വ്യോമയാന മേഖലയേയും വ്യവസായത്തെയും കുറിച്ച് ആഴത്തില്‍ ധാരണയുള്ള ശക്തനായ നേതാവാണെന്ന് ഒമാന്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കോണ്‍ കോര്‍ഫിയാറ്റിസ് പറഞ്ഞു.
യു.കെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ അലാവി, മാനേജ്‌മെന്റ്, കോര്‍പ്പറേറ്റ് മേഖലകളിലും കമേഴ്‌സ്യല്‍ രംഗത്തും പരിചയ സമ്പത്തുള്ള വ്യക്തിത്വമാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി രണ്ട് പതിറ്റാണ്ടിലേറെ വൈവിധ്യമാര്‍ന്ന നേതൃത്വ പരിചയവും കൈമുതലായുണ്ട്. നെതര്‍ലാന്‍ഡ്സിലെ ഷെല്‍ ഇന്റര്‍നാഷണലില്‍ മുതിര്‍ന്ന പദവിയില്‍ ജോലി ചെയ്ത അദ്ദേഹം പെട്രോളിയം ഡെവലപ്മെന്റ് ഒമാനിലെ (പിഡിഒ) ഫ്‌ലാഗ്ഷിപ്പ്-കോസ്റ്റ് എഫിഷ്യന്‍സി സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. കൂടാതെ ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിലെ നേതൃ നിരയിലും പ്രവര്‍ത്തിച്ചു. 1 ബില്യണ്‍ ഒമാന്‍ റിയാലിന്റെ മികച്ച പദ്ധതി നടപ്പിലാക്കിയ യൂണിറ്റിന്റെ നേതൃത്വം വഹിച്ച് ശ്രദ്ധേയനായി.