മസ്കത്: സ്‌കൂൾ കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങൾ നിർമിച്ച് നൽകുന്നതുമായി ബന്ധപ്പെട്ട കരാർ ലംഘിച്ചതിന് ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡിന് 949,659.200 റിയാൽ (20 കോടിയിലധികം ഇന്ത്യൻ രൂപ) ഒമാൻ കോടതി പിഴ വിധിച്ചു. ബർകയിൽ ഇന്ത്യൻ സ്‌കൂൾ ആരംഭിക്കുന്നതിനായി കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിച്ച് നൽകുന്നതിന് കെട്ടിട ഉടമയുമായുള്ള ലീസ് ഹോൾഡ് കരാർ ലംഘിച്ചതിനാണ് കോടതി പിഴ ചുമത്തിയത്. അൽ ബർക്ക പ്രദേശത്ത് സ്‌കൂളിന് ആവശ്യമായ കെട്ടിടം നിർമിക്കുകയും ബന്ധപ്പെട്ട് കെട്ടിട ഉടമയുമായി 2015ൽ ആണ് സ്‌കൂൾ ബോർഡ് കരാർ ഒപ്പിട്ടത്. ഇതു പ്രകാരം നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കുകയും മറ്റും ചെയ്‌തെങ്കിലും കരാറിൽ നിന്ന് ഇന്ത്യൻ സ്‌കൂൾ ബോർഡ് പിന്മാറുകയായിരുന്നു. ഇതോടെ കെട്ടിട ഉടമ കോടതിയെ സമീപിച്ചു. വർഷങ്ങളുടെ നിയമ വ്യവഹാരത്തിനു ശേഷമാണ് ഇപ്പോൾ വിധിയുണ്ടായിരിക്കുന്നത്. പിഴ തുകക്ക് പുറമെ കേസ് നടത്തിപ്പ് ചെലവുകളും നൽകേണ്ടതുണ്ട്.
അതേസമയം, പിഴയിട്ടതിന് പിന്നാലെ ആശങ്കയിലാണ് രക്ഷിതാക്കൾ. പിഴ ഇനത്തിൽ ഇത്രയും തുക അടയ്‌ക്കേണ്ടി വരുന്നതോടെ ഫീസ് ഇനത്തിലും മറ്റുമായി വിദ്യാർഥികളിൽ നിന്ന് കൂടുതൽ തുക സ്‌കൂളുകൾ ഈടാക്കിയേക്കുമെന്നും ഇത് വലിയ സാമ്പത്തിക ഭാരം ഇതുമൂലം ഉണ്ടാകുമെന്നുമുള്ള ആശങ്കയിലാണ് രക്ഷിതാക്കൾ.
ഇത്രയും പണം ഇന്ത്യൻ സ്‌കൂൾ ബോർഡിന്റെ ഖജനാവിൽ നിന്നും നൽകേണ്ട സ്ഥിതിയാണുള്ളത്. തുക കണ്ടെത്തേണ്ട ഭാരം വിദ്യാർഥികളിലേക്ക് വന്നാൽ അത് രക്ഷിതാക്കൾക്ക് വലിയ തിരിച്ചടിയാകും. ഒമാനില്‍ 22 ഇന്ത്യൻ സ്‌കൂളുകളിലായി 47,000ൽ പരം വിദ്യാർഥികളാണ് ബോർഡിന് കീഴിൽ പഠനം നടത്തുന്നത്.
എന്നാൽ ബോർഡ് എടുത്ത ഒരു തീരുമാനത്തിന് പുറത്തു അത് ഈടാക്കാൻ ഫീസിനത്തിലോ അല്ലാതെയോ ശ്രമിച്ചാൽ അത് നൽകില്ലെന്നാണ് രക്ഷിതാക്കളുടെ തീരുമാനം. തെറ്റായ തീരുമാനം എടുത്തവരിൽ നിന്ന് ആ പണം കണ്ടെത്തുകയാണ് വേണ്ടതെന്നു രക്ഷിതാക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്തായാലും ബോർഡ് തെരഞ്ഞെടുപ്പിൽ ഇത് മുഖ്യ ചർച്ച വിഷയമായി മാറുമെന്ന് ഉറപ്പാണ്.