മസ്കത്ത്– ഒമാൻ-യുഎഇ റെയിൽ നെറ്റ്‌വർക്കായ ഹഫീത് റെയിൽ പദ്ധതിക്കായി ആവശ്യമായ ട്രാക്കുകളുടെ ആദ്യ ഷിപ്‌മെന്റ് വിജയകരമായി എത്തിച്ചേർന്നു. ആദ്യ ലോഡ് സുഹാർ തുറമുഖത്തും ഫ്രീസോൺ പാർക്കിലുമാണ് എത്തിച്ചേർന്നിട്ടുള്ളത്. ഇത് പദ്ധതിയുടെ നിർമാണത്തിലെ ഒരു നിർണായക നടപടിയായി മാറിയിരിക്കുകയാണ്.
238 കിലോമീറ്റർ നീളമുള്ള ഈ റെയിൽ പദ്ധതിക്കായി, സി സ്റ്റെയിൻവെഗ് ഒമാന്റെ ജനറൽ കാർഗോ ടെർമിനലിലൂടെ 3,800-ലധികം E260 ട്രാക്കുകൾ എത്തിച്ചിട്ടുണ്ട്. ഓരോ ട്രാക്കും 25 മീറ്റർ നീളമുള്ളതാണ്, മൊത്തം 5,700 ടൺ ഭാരമുണ്ട്. ഇത് 33,100 ടൺ ട്രാക്കുകൾ ഇറക്കുമതി ചെയ്യാനുള്ള പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഘട്ടമാണ്.
സ്പെയിനിലെ ഹിഹോണിലുള്ള ആർസെലർ മിത്തലിന്റെ ഫാക്ടറിയിൽ നിർമിച്ച ഈ ട്രാക്കുകൾ, ഒരു ആക്സിൽ 32.4 ടൺ വരെ ചരക്ക് അല്ലെങ്കിൽ യാത്രാ ലോഡുകൾ വഹിക്കാൻ ശേഷിയുള്ളതാണ്. ഫാസ്റ്റനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് ശക്തിപ്പെടുത്തിയിട്ടുണ്ട്, ഇത് ട്രാക്കിന്റെ ദൃഢതയും ആയുസ്സും ഉറപ്പാക്കുന്നു. ട്രാക്കുകൾ എത്തിയതോടെ പാത നിർമാണ ജോലികൾക്ക് തുടക്കമാകും, വരും മാസങ്ങളിൽ കൂടുതൽ ഷിപ്‌മെന്റുകൾ എത്തിച്ചേരാനും ലക്ഷ്യമിടുന്നു.
സുഹാർ തുറമുഖവും ഫ്രീസോൺ പാർക്കും യുഎഇയുടെ ദേശീയ റെയിൽ നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുക, വിതരണ ശൃംഖലയുടെ സംയോജനവും ഗതാഗത കാര്യക്ഷമതയും വർധിപ്പിക്കുക എന്നിവയാണ് ഹഫീത് റെയിൽ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇത്തിഹാദ് റെയിൽ, മുബാദല, ഒമാന്റെ അസ്‌യാദ് ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇരു രാജ്യങ്ങളുടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുക, ലോജിസ്റ്റിക്സ് മേഖലയിൽ സംയോജനം കൈവരിക്കുക, സുസ്ഥിര ഗതാഗത അടിസ്ഥാന സൗകര്യം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു.