അബുദാബി: ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് തിങ്കളാഴ്ച യു.എ.ഇ.യിലെത്തി. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ഖസർ അൽ വതാനിൽ ഇരുവരും സൗഹൃദസംഭാഷണം നടത്തി.
ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻതുടങ്ങിയവരും സ്വീകരണച്ചടങ്ങിൽ സംബന്ധിച്ചു. ഇരുരാജ്യങ്ങളുടെയും വളർച്ചയ്ക്ക് സഹായകമായ ഒട്ടേറെ കരാറുകളിൽ ധാരണയായി. നിക്ഷേപം, സുസ്ഥിരത, റെയിൽവേ, നൂതനസാങ്കേതിക വിദ്യ, വിദ്യാഭ്യാസം, പുനരുപയോഗ ഊർജം തുടങ്ങി ഒട്ടേറെ മേഖലകൾ ശക്തിപ്പെടുത്തും. വിവിധ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളും ചർച്ച ചെയ്തു.
‘‘ഒമാൻ സുൽത്താന്റെ സന്ദർശനം രാജ്യത്തിന് ശക്തി പകർന്നു. രണ്ട് ജനതയ്ക്കും വളർച്ച കൈവരിക്കാനുള്ള ആത്മവിശ്വാസമേകി. ഇരുരാജ്യങ്ങളുടെയും അഭിവൃദ്ധി വളർത്തുകയായാണ് കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം’’- ശൈഖ് മുഹമ്മദ് പറഞ്ഞു. സമീപകാലത്ത് ഇരുരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക, നിക്ഷേപ, വ്യാപാരമേഖലകളിൽ കാര്യമായ പുരോഗതി കൈവരിച്ചതായി സുൽത്താൻ ഹൈതം ബിൻ താരിഖ് പറഞ്ഞു.