വാഷിംഗ്ടൺ: അമേരിക്കയും യെമനിലെ ഹൂത്തികളും വെടിനിർത്തൽ കരാറിലെത്തിയതായി ഇരു വിഭാഗത്തിനുമിടയിൽ മധ്യസ്ഥശ്രമം നടത്തുന്ന ഒമാൻ അറിയിച്ചു. ഹൂത്തി മിലീഷ്യകൾ കപ്പലുകളെ ആക്രമിക്കുന്ന ചെങ്കടലിൽ സ്വതന്ത്രമായ കപ്പൽ ഗതാഗതം കരാർ ഉറപ്പാക്കുമെന്ന് ഒമാൻ പറഞ്ഞു. സമീപകാല ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ശേഷം സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ ഇരുപക്ഷവും തമ്മിൽ വെടിനിർത്തൽ കരാറിലെത്തി ഒമാൻ വിദേശ മന്ത്രി ബദർ അൽബൂസഈദി ഓൺലൈനിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു ചെങ്കടലിൽ ഇരുപക്ഷവും പരസ്പരം ലക്ഷ്യം വെക്കില്ല. ഇത് സ്വതന്ത്രമായ കപ്പൽ ഗതാഗതവും അന്താരാഷ്ട്ര വാണിജ്യ കപ്പലുകളുടെ സുഗമമായ ഒഴുക്കും ഉറപ്പാക്കും ഒമാൻ വിദേശ മന്ത്രി പറഞ്ഞു.
ഇറാനുമായി യോജിപ്പിലുള്ള ഹൂത്തികൾ മിഡിൽ ഈസ്റ്റിലെ പ്രധാനപ്പെട്ട കപ്പൽ പാതകൾ തടസ്സപ്പെടുത്തുന്നത് നിർത്താൻ സമ്മതിച്ചതിനെ തുടർന്ന്, യെമനിലെ ഹൂത്തികൾക്കു നേരെയുള്ള ബോംബാക്രമണം അമേരിക്ക നിർത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ഹൂത്തികൾ പറഞ്ഞതായി കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയുമായി വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെ ട്രംപ് അറിയിച്ചു. ദയവായി ഇനി ഞങ്ങൾക്കു നേരെ ബോംബാക്രമണം നടത്തരുതെന്നും നിങ്ങളുടെ കപ്പലുകളെ ഞങ്ങൾ ആക്രമിക്കില്ലെന്നും അവർ പറഞ്ഞതായി ട്രംപ് കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രി ഞങ്ങൾക്ക് വളരെ നല്ല വാർത്ത ലഭിച്ചു. ഹൂത്തികൾ ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചു. അവർ യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ അത് മാനിക്കുകയും ബോംബിംഗ് നിർത്തുകയും ചെയ്യും. അവർ കീഴടങ്ങി. ഏറ്റവും പ്രധാനമായി, ഞങ്ങൾ അവരുടെ വാക്ക് വിശ്വസിക്കും. ഇനി കപ്പലുകൾ സ്‌ഫോടനത്തിലൂടെ തകർക്കില്ലെന്ന് അവർ പറയുന്നു. ഹൂത്തികൾക്കെതിരായ ആക്രമണത്തിലൂടെ ഞങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യമാണിത് ട്രംപ് പറഞ്ഞു. ഇത് വളരെ പോസിറ്റീവായ കാര്യമാണ്. ഇത് കപ്പൽ പാതകളുമായും ബാബ് അൽമന്ദബ് കടലിടുക്കുമായും മാത്രമല്ല, മറ്റ് സ്ഥലങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. ഞാൻ അവരുടെ വാക്ക് അംഗീകരിക്കും. ഇപ്പോൾ മുതൽ ഹൂത്തികൾക്കെതിരായ വ്യോമാക്രമണം ഞങ്ങൾ നിർത്തും ട്രംപ് കൂട്ടിച്ചേർത്തു.
2023 ഒക്‌ടോബർ ഏഴിന് ഹമാസ് ഇസ്രായിലിൽ നടത്തിയ മാരകമായ ആക്രമണത്തിന് ശേഷം ഇസ്രായിൽ ഗാസ യുദ്ധം ആരംഭിച്ചതു മുതൽ ഹൂത്തികൾ ഇസ്രായിലിനെതിരെയും ചെങ്കടലിൽ ഇസ്രായിലുമായും അമേരിക്കയുമായും ബന്ധമുള്ള കപ്പലുകൾക്കു നേരെയും ആക്രമണം നടത്തിവരികയായിരുന്നു. കപ്പലുകൾ ഇനി തകർക്കില്ലെന്ന ഹൂത്തികളുടെ വാക്ക് അമേരിക്ക അംഗീകരിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് പറഞ്ഞു.
ഗാസ യുദ്ധം ആരംഭിച്ച ശേഷം ഹൂത്തി ആക്രമണങ്ങളുടെ ഫലമായി സംഘർഷം കൂടുതൽ മൂർഛിച്ചിരുന്നു. ഞായറാഴ്ച ഇസ്രായിലിലെ ബെൻ ഗുരിയോൺ വിമാനത്താവളത്തിന് സമീപം ഹൂത്തി മിസൈൽ പതിച്ചതോടെ ഇത് കൂടുതൽ വർധിച്ചു. മിസൈൽ ആക്രമണം തിങ്കളാഴ്ച യെമനിലെ അൽഹുദൈദ തുറമുഖത്ത് ഇസ്രായിൽ വ്യോമാക്രമണത്തിന് കാരണമായി. ചൊവ്വാഴ്ച സൻആ വിമാനത്താവളത്തിലും ഇസ്രായിൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തി.