ദോഹ – ഏഷ്യൻ ലോകകപ്പ് യോഗ്യത നാലാം റൗണ്ടിലെ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ജയത്തോടെ ലോകകപ്പിലേക്കുള്ള ടിക്കറ്റ് ഏകദേശം ഉറപ്പിച്ച് സൗദി അറേബ്യ. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് എതിരാളികളായ ഇന്തോനേഷ്യയെ സൗദി തകർത്തത്. സൗദി, ഇന്തോനേഷ്യ എന്നിവർ അടങ്ങുന്ന ബി ഗ്രൂപ്പിലെ മറ്റൊരു ടീം ഇറാഖാണ്. വരുന്ന ഞായറാഴ്ച ഇറാഖ് ഇന്തോനേഷ്യയെ നേരിടും. ഒക്ടോബർ 15ന് നടക്കുന്ന ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഇറാഖിനെ തോൽപ്പിച്ചാൽ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിൽ സൗദി അണിനിരക്കും.
ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ആവേശകരമായ മത്സരത്തിൽ ഇന്തോനേഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 11 മിനുറ്റിൽ പെനാൽറ്റിയിലൂടെ കെവിൻ ഡിക്സ് സന്ദർശകരെ മുന്നിലെത്തിച്ചെങ്കിലും ആറു മിനുറ്റുകൾക്ക് ശേഷം അബു അൽ ഷാമത്ത് അറേബ്യൻ ശക്തികളെ ഒപ്പമെത്തിച്ചു. 34 മിനുറ്റിൽ പെനാൽറ്റിയിലൂടെ ആതിഥേയർക്ക് ഫാരിസ് അൽബ്രിഗൻ ലീഡ് നേടി കൊടുത്തു. 62 മിനുറ്റിൽ വീണ്ടും ഗോൾ നേടി അൽബ്രിഗൻ ലീഡ് ഇരട്ടിയാക്കി. 82 മിനുറ്റിൽ ഡിക്സ് വീണ്ടും ഒരു പെനാൽറ്റിയിലൂടെ ഗോൾ സ്വന്തമാക്കി ഇന്തോനേഷ്യക്ക് പ്രതീക്ഷ നൽകിയെങ്കിലും കാര്യമുണ്ടായില്ല.
എ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഖത്തറിനെ സമനിലയിൽ തളച്ച് ഒമാൻ. ഗോൾ രഹിത സമനിലയായ മത്സരത്തിൽ ഖത്തറിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒമാൻ പ്രതിരോധ നിരയുടെ പ്രകടനമാണ് തിരിച്ചടിയായത്. ഇതോടെ രണ്ടു ടീമുകൾക്കും അടുത്ത മത്സരം വളരെ നിർണായകമാണ്. മറ്റൊരു അറേബ്യൻ ശക്തികളായ യുഎഇയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. ഞായറാഴ്ച ഒമാൻ – യുഎഇ മത്സരവും , ഒക്ടോബർ 15ന് യുഎഇ – ഖത്തർ മത്സരവും നടക്കും.