ദോഹ– മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയിൽ നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി.
ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ മിഡിൽ ഈസ്റ്റ് ചെയർമാനും ഒ.ഐ.സി.സി–ഇൻകാസ് ഗ്ലോബൽ കമ്മിറ്റി മുൻ സംഘടനാ കാര്യ ജന:സെക്രട്ടറിയുമായ രാജു കല്ലുംപുറം അവാർഡ് സമ്മാനിച്ചു.
വർക്കിംഗ് പ്രസിഡണ്ടുമാരായ ജീസ് ജോസഫ് ,നാസ്സർ വടക്കേക്കാട് എന്നിവർ ചേർന്ന് പൊന്നാടയണിയിച്ചു. രാജീവ് ഗാന്ധിയുടെ നാമത്തിൽ അവാർഡ് ലഭിച്ചതിൽ വലിയ സന്തോഷവും അഭിമാനവും അനുഭവിക്കുന്നുവെന്നും, കുഞ്ഞുനാൾ മുതൽ തന്നെ ഏറ്റവും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത നേതാവാണ് രാജീവ് ഗാന്ധിയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു . തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അംഗീകാരവുമായാണ് താൻ ഈ പുരസ്കാരത്തെ കാണുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രാജീവ് ഗാന്ധിയുടെ ദീർഘദർശന പദ്ധതികളും പരിപാടികളും ലക്ഷക്കണക്കിന് ചെറുപ്പക്കാരുടെയും രാജ്യത്തിന്റെയും സ്വപ്നങ്ങൾക്ക് അടിത്തറയായി. ഇന്ന് ഇന്ത്യ കാണുന്ന എല്ലാ പുരോഗതികൾക്കും അദ്ദേഹം അടിസ്ഥാനമിട്ടു. രാജ്യം ഒരിക്കലും രാജീവ് ഗാന്ധിയെ മറക്കില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ചടങ്ങിൽ വിവിധ മേഖലകളിൽ സംഭാവനയർപ്പിച്ച ദോഹയിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. എ.കെ. ഉസ്മാൻ ( ബിസിനസ് & സോഷ്യൽ സർവീസ് എക്സലൻസ്), മിബുജോസ് നെറ്റിക്കാടൻ, ഡോ. റോണി പോൾ, അനസ് മെയ്തീൻ, ജെബി .കെ. ജോൺ, പ്രവീൺ കുമാർ (ബിസിനസ് എക്സലൻസ്), മിലൻ അരുൺ, ജയന്തി മൊയ്ത്ര, രവി ഷെട്ടി ( കമ്മ്യൂണിറ്റി സർവീസ്) , റേഹാൻ ജെറി, എയിറിൻ എലിസബത്ത്( സ്പോർട്സ്)
ഡോ. സിനിൽ മുബാറക്ക് (എജ്യുക്കേഷൻ), നതാലിയ ലീല വിപിൻ ( ടാലന്റ്) എന്നിവരും ചടങ്ങിൽ ആദരവ് ഏറ്റുവാങ്ങി .
പരിപാടിയിൽ വർക്കിംഗ് പ്രസിഡണ്ട് ജൂട്ടസ് പോൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ സ്വാഗതം ആശംസിച്ചു. അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺ ഗിൽബർട്ട്, വൈസ് പ്രസിഡണ്ടുമാരായ സലീം ഇടശ്ശേരി, ഷംസുദ്ദീൻ ഇസ്മയിൽ, ജനറൽ സെക്രട്ടറിമാരായ നിഹാസ് കൊടിയേരി, മുജീബ് വലിയകത്ത് ,യൂത്ത് വിംഗ് പ്രസിഡണ്ട് നദിം മാനാർ എന്നിവർ സംസാരിച്ചു. സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ജോർജ്ജ്കുരുവിള, മുബാറക്ക് ,ഷാഹിൻ,പ്രശോഭ് ,ലിയോ,നെവിൻ,നൗഷാദ് എന്നിവർ ചടങ്ങുകൾ നിയന്ത്രിച്ചു. ട്രഷറർ ജോർജ്ജ് അഗസ്റ്റിൻ നന്ദി പറഞ്ഞു .