കോഴിക്കോട്– പ്രവാസി ക്ഷേമ ബോർഡിൽ തീർപ്പാവാതെ കെട്ടിക്കിടക്കുന്ന പെൻഷൻ അപേക്ഷകൾ പരിഹരിച്ച് വിതരണം ചെയ്യുന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാഷണൽ പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രായഭേദമന്യേ എല്ലാ പ്രവാസികൾക്കും ക്ഷേമനിധിയിൽ ചേരാനുള്ള സാഹചര്യമുണ്ടാക്കണം.ആഘോഷ- അവധി വേളകളിൽ അമിത യാത്രാ നിരക്കിലൂടെ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ കേന്ദ്ര സർക്കാർ ഇടപെടണമെന്നും,നാട്ടിൽ തിരിച്ചെത്തി പത്തുവർഷം കഴിഞ്ഞ പ്രവാസികൾക്ക് സാന്ത്വന ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൾ അസീസ് ഉദ്ഘാടനം ചെയ്തു.എൻ.പി.എൽ സംസ്ഥാന പ്രസിഡൻ്റ് ബഷീർ അഹമദ് ബേപ്പൂർ അദ്ധ്യക്ഷത വഹിച്ചു.
സാലിം ബേക്കൽ, സലീം പാടത്ത്, മുഹമ്മദ് മാസ്റ്റർ, മുഹമ്മദലി മഞ്ചേരി, എന്നിവർ സംസാരിച്ചു. ജാഫർ മേടപ്പിൽ സ്വാഗതവും റാഫി രാമനാട്ടുകര നന്ദിയും പറഞ്ഞു. പുതിയ സംസ്ഥാന ഭാരവാഹികളായി പ്രസിഡൻറ് ബഷീർ അഹമ്മദ് ബേപ്പൂർ,വൈസ് പ്രസിഡണ്ട് ഹാരിസ് പയ്യാനക്കൽ, ജനറൽ സെക്രട്ടറി സാലിം ബേക്കൽ, ഓർഗനൈസിംഗ് സെക്രട്ടറി സലീം പാടത്ത്,സിക്രട്ടറി ജാഫർ മേടപ്പിൽ,ട്രഷറർ അസീസ് മലപ്പുറം എന്നിവരെ തിരഞ്ഞെടുത്തു.