കുവൈത്ത് സിറ്റി : ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകാത്ത പ്രവാസികളുടെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കിംവദന്തികൾ കുവൈറ്റ് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വിഭാഗം തള്ളിക്കളഞ്ഞു. വിരലടയാളം എടുക്കാത്ത പ്രവാസികൾക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കുന്നതിന് തടസ്സമാകില്ലെന്ന് സുരക്ഷ വിഭാഗം സ്ഥിരീകരിച്ചു.
വിരലടയാളത്തിന് വിധേയരാത്ത പ്രവാസികൾക്ക് ജൂണിൽ ആരംഭിക്കാനിരിക്കുന്ന സമയപരിധിക്ക് ശേഷം കുവൈറ്റിലേക്ക് പ്രവേശിക്കുന്നത് വിലക്കുമെന്ന വാദങ്ങളിൽ സത്യമില്ലെന്ന് മന്ത്രാലയം വിശദീകരിച്ചു. നിർബന്ധിത ബയോമെട്രിക് വിരലടയാളം ചെയ്യാൻ പൗരന്മാർക്കും താമസക്കാർക്കും ധാരാളം അവസരങ്ങൾ നൽകുന്നുണ്ട്.
വിരലടയാളത്തിന് വിധേയരാകാത്ത പ്രവാസികൾ കുവൈറ്റിലേക്ക് മടങ്ങുമ്പോൾ അത് ചെയ്യണമെന്ന് മന്ത്രാലയം അറിയിച്ചു. വിമാനത്താവളത്തിലോ ഷോപ്പിംഗ് സെൻ്ററുകൾ ഉൾപ്പെടെ കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന നിയുക്ത വിരലടയാള കേന്ദ്രങ്ങളിലോ ഇത് ചെയ്യാനുള്ള സൗകര്യം ലഭ്യമാണ്.
ബയോമെട്രിക് വിരലടയാള പ്രക്രിയ ഒറ്റത്തവണ ആവശ്യകതയാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. വ്യക്തികളുടെ ഐഡൻ്റിറ്റി പരിശോധിക്കുന്നതിന് സുരക്ഷാ സേവനങ്ങളെ സഹായിക്കുന്ന ഡിജിറ്റൽ റെക്കോർഡുകൾ ശേഖരിക്കുകയാണിത്. കൂടാതെ നാടുകടത്തപ്പെട്ടതോ യാത്ര നിരോധിക്കപ്പെട്ടതോ ആയ വ്യക്തികൾ രാജ്യത്തേക്കുള്ള പ്രവേശനത്തിനെതിരായ ഒരു പ്രതിരോധ നടപടിക്കാണ് ബയോമെട്രിക് സംവിധാനം.