ജിദ്ദ- സങ്കടങ്ങളുടെ പെരുമഴക്കാലം തോർന്നുകിട്ടാൻ ഒരമ്മ ഇന്ന് യാത്ര തുടങ്ങുന്നു. വധശിക്ഷ കാത്ത് യെമനിലെ സൻആ ജയിലിൽ കഴിയുന്ന മകൾ നിമിഷ പ്രിയയെ കാണാൻ അമ്മ പ്രേമ കുമാരി യാത്ര തിരിച്ചു. ഇന്ന്(ശനി)രാവിലെ അഞ്ചരക്ക് കൊച്ചി വിമാനതാവളത്തിൽനിന്ന് മുംബൈ വഴിയാണ് യാത്ര. വൈകിട്ട് അഞ്ചിന് മുംബൈയിൽനിന്ന് യെമനിലെ ഏദനിലേക്കുള്ള വിമാനത്തിൽ യാത്ര തുടരും. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ പ്രതിനിധി സാമുവേൽ ജെറോമും പ്രേമകുമാരിയെ അനുഗമിക്കുന്നുണ്ട്.
യെമനിൽ ഏറെ വർഷമായി പ്രവർത്തിക്കുന്ന സാമുവേൽ ജെറോമാണ് കേസിൽ യെമനിലെ ചർച്ചകൾ നയിക്കുന്നത്. ഇരുവർക്കും യെമനിലേക്ക് പോകാൻ ദൽഹി ഹൈക്കോടതിയാണ് അനുമതി നൽകിയത്. രണ്ടു മാസം മുമ്പാണ് ഇരുവർക്കും കോടതി അനുമതി നൽകിയത്.
എന്നാൽ, വിമാനസൗകര്യത്തിലെ അപര്യാപ്തത യാത്ര നീളാൻ ഇടയാക്കുകയായിരുന്നു. ഇനി ഒരു മാസം മാത്രമാണ് വിസയുടെ കാലാവധിയുള്ളത്. ഇത് നീട്ടാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജയിലിൽ കഴിയുന്ന നിമിഷ പ്രിയയെ കാണുകയാണ് അമ്മ പ്രേമകുമാരിയുടെ ആദ്യത്തെ ലക്ഷ്യം. അടുത്ത ദിവസം തന്നെ ഇരുവരും കാണും. താൻ അമ്മയെ കാത്തിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നിമിഷ പ്രിയ ദ മലയാളം ന്യൂസുമായി സംസാരിക്കവേ വ്യക്തമാക്കിയിരുന്നു.
നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട നീക്കങ്ങളിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പാണ് പ്രേമകുമാരിയുടെ യാത്രയെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ദ മലയാളം ന്യൂസിനോട് പറഞ്ഞു.