അബുദാബി– യു.എ.ഇയിലെ ആരോഗ്യമേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് വലിയ ആശ്വാസമായി പുതിയ നിയമപരിഷ്കാരം. നഴ്സിംഗ് ഉൾപ്പെടെയുള്ള ആറ് പ്രധാന തസ്തികകളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് നേരത്തെ ഉണ്ടായിരുന്ന ആറുമാസത്തെ ബിരുദാനന്തര പ്രവൃത്തിപരിചയം (Experience) ഇനി മുതൽ നിർബന്ധമില്ല. രാജ്യത്തെ ആരോഗ്യ സേവന രംഗത്തെ ലൈസൻസിംഗ് നടപടികൾ കൂടുതൽ ലളിതമാക്കാനും തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് വേഗത്തിൽ ഉദ്യോഗാർത്ഥികളെ ലഭ്യമാക്കാനുമാണ് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ ഈ നീക്കം.
രജിസ്റ്റേർഡ് നഴ്സ്, അസിസ്റ്റന്റ് നഴ്സ്, മെഡിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലബോറട്ടറി ടെക്നോളജിസ്റ്റ്, റെസ്പിറേറ്ററി കെയർ ടെക്നീഷ്യൻ, ഹെൽത്ത് കെയർ അസിസ്റ്റന്റ് എന്നീ തസ്തികകളിൽ ഉള്ളവർക്കാണ് ഈ ഇളവ് ലഭിക്കുക. രാജ്യത്തിനകത്തെ സർവകലാശാലകളിൽ നിന്നോ വിദേശത്തുനിന്നോ ബിരുദം നേടിയ എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തിലോ രോഗികളുടെ സുരക്ഷയിലോ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ തന്നെ, യോഗ്യതയുള്ള പ്രൊഫഷണലുകളെ എത്രയും വേഗം തൊഴിൽ മേഖലയിലേക്ക് കൊണ്ടുവരിക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
നിലവിൽ ആറ് വിഭാഗങ്ങൾക്കാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളതെങ്കിലും ആരോഗ്യരംഗത്തെ മറ്റ് സ്പെഷ്യലൈസേഷനുകൾക്കും സമാനമായ ഇളവ് നൽകുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണ്. ഓരോ വിഭാഗത്തെയും പ്രത്യേകം വിലയിരുത്തി വരുംദിവസങ്ങളിൽ തീരുമാനമുണ്ടാകും. ആരോഗ്യരംഗത്തെ നിയമങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനൊപ്പം തന്നെ ബിരുദധാരികൾക്ക് കാലതാമസമില്ലാതെ ജോലിയിൽ പ്രവേശിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇതിനുപുറമെ, മെഡിക്കൽ കോളേജുകളിലെയും സർവകലാശാലകളിലെയും അക്കാദമിക് ജീവനക്കാരായ ഡോക്ടർമാർക്കും മറ്റ് വിദഗ്ധർക്കും ആരോഗ്യ സ്ഥാപനങ്ങളിൽ ക്ലിനിക്കൽ പ്രാക്ടീസ് നടത്താൻ അനുമതി നൽകാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.



