ദോഹ– ശ്രദ്ധേയമായി ഖത്തറിലെ സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ വാട്ട്‌സ്ആപ്പ് വഴിയുള്ള ജുഡീഷ്യൽ സേവനങ്ങൾ. ഈ മാറ്റത്തെ പ്രശംസിച്ചുകൊണ്ട് നിരവധി വിദഗ്ദ്ധർ രംഗത്തെത്തിയിട്ടുണ്ട്. ഈ സംവിധാനം ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്നതും കൈകാര്യം ചെയ്യാൻ എളുപ്പമുള്ളതാണെന്നും അവർ അഭിപ്രായപ്പെട്ടു. ഖത്തറിലും വിദേശത്തുമുള്ള എല്ലാ ഉപയോക്താക്കൾക്കും മികച്ചതും വേഗതയേറിയതുമായ നീതി ലഭ്യമാകുന്നതിന് വളരെ നല്ലൊരു മുന്നേറ്റമാണ് ഈ പ്ലാറ്റ്ഫോമെന്ന് അഭിഭാഷകൻ സെയ്ഫ് അൽ-മുറാദി പറഞ്ഞു.
2024 ഓഗസ്റ്റ് 24 മുതലായിരുന്നു സമഗ്രമായ ഡിജിറ്റൽ ജുഡീഷ്യൽ സംവിധാനം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സുപ്രീം ജുഡീഷ്യറി കൗൺസിൽ വാട്ട്‌സ്ആപ്പ് വഴി കേസുകൾ നടത്താൻ സഹായിക്കുന്ന “വെർച്വൽ എംപ്ലോയി” സേവനം ആരംഭിച്ചത്. കോടതി വ്യവഹാരങ്ങൾ എളുപ്പമാക്കാൻ നിർമിതബുദ്ധി ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്നായിരുന്നു ഖത്തർ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അന്ന് അറിയിച്ചത്.