സകാക്ക – അല്‍ജൗഫ് പ്രവിശ്യ ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ നവാഫ് രാജകുമാരന്‍ പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ സന്നിഹിതനായിരുന്നു. ഉത്തര സൗദിയില്‍ സാമ്പത്തിക, ടൂറിസം വികസനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ആധുനിക വ്യോമഗതാഗത കവാടമാണ് പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളം. ഉത്തര സൗദിയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരിലെ എണ്ണത്തിലുള്ള വളര്‍ച്ചയുമായി ഒത്തുപോകാനും വിമാനത്താവളം സഹായിക്കും. പ്രതിവര്‍ഷം 16 ലക്ഷം യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ പുതിയ എയര്‍പോര്‍ട്ടിന് ശേഷിയുണ്ട്.
അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിന് 24,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുണ്ട്. പുതിയ വിമാനത്താവളത്തില്‍ ആഭ്യന്തര, അന്തര്‍ദേശീയ സര്‍വീസുകളില യാത്രക്കാര്‍ക്കായി 11 ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ഗേറ്റുകള്‍ ഉണ്ട്. രണ്ടു സെല്‍ഫ് സര്‍വീസ് കൗണ്ടറുകള്‍ അടക്കം 16 ചെക്ക്-ഇന്‍ കൗണ്ടറുകളുമുണ്ട്. ഏഴ് സ്മാര്‍ട്ട് ഗേറ്റുകളും അഞ്ച് ഇരട്ട ജവാസാത്ത് കൗണ്ടറുകളും ഉപയോഗിച്ച് വിമാനത്താവളം യാത്രക്കാരുടെ ഒഴുക്ക് വര്‍ധിപ്പിക്കുന്നു.
സൗകര്യപ്രദമായ ലോജിസ്റ്റിക് സേവനങ്ങള്‍ നല്‍കാനായി രൂപകല്‍പ്പന ചെയ്ത പുതിയ അല്‍ജൗഫ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 470 മീറ്റര്‍ ബാഗേജ് കണ്‍വെയര്‍ ബെല്‍റ്റുകളും 648 പാര്‍ക്കിംഗ് സ്ഥലങ്ങളുമുണ്ട്. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങളും 1,700 ചതുരശ്ര മീറ്റര്‍ വാണിജ്യ, നിക്ഷേപ മേഖലകളും അടങ്ങിയ സമഗ്ര ലക്ഷ്യസ്ഥാനമാണ് പുതിയ വിമാനത്താവളം.
ബോര്‍ഡിംഗ് ബ്രിഡ്ജുകള്‍, സുരക്ഷാ സജ്ജീകരണങ്ങള്‍, സേവന സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ പ്രവര്‍ത്തന സൗകര്യങ്ങളോടെ പുതിയ എയര്‍പോര്‍ട്ട് സജ്ജീകരിച്ചിട്ടുണ്ടെന്ന് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. സാമ്പത്തിക വികസനത്തിനും പ്രവര്‍ത്തനത്തിനും പിന്തുണ നല്‍കാനും അല്‍ജൗഫ് നിവാസികളുടെ ചലനം സുഗമമാക്കാനും സഹായിക്കുന്ന പ്രവിശ്യയിലെ പ്രധാന പദ്ധതികളില്‍ ഒന്നാണ് പുതിയ വിമാനത്താവളം.
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് തന്ത്രത്തിന് സമാരംഭം കുറിച്ച ശേഷം ഗതാഗത, ലോജിസ്റ്റിക്‌സ് മേഖല പദ്ധതികളിലും സേവനങ്ങളിലും അന്താരാഷ്ട്ര സൂചകങ്ങളിലും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യാനായി ഏറ്റവും പുതിയ സാങ്കേതികവിദ്യകള്‍ വിമാനത്താവളത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ വിമാനത്തിന് പഴയ എയര്‍പോര്‍ട്ടിനേക്കാള്‍ ഏകദേശം ഒമ്പത് മടങ്ങ് ശേഷിയുണ്ട്. നിലവിലെ വ്യോമഗതാഗതത്തിന്റെ വ്യാപ്തിയെക്കാള്‍ പ്രവര്‍ത്തന ശേഷിയുമുണ്ട്.
രാജ്യത്തെ ഒരു ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബായും സംയോജിത മൊബിലിറ്റിയുടെ മാതൃകയായും മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ദേശീയ തന്ത്രത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രാലയും അനുബന്ധ വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കുന്നു. യാത്രക്കാരെ ആകര്‍ഷിക്കാനും പ്രാപ്തമാക്കാനും അവരുടെ വരവും പോക്കും സുഗമമാക്കാനും സുഖസൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമുള്ള പ്രധാന ഘടകമാണ് ഇത്തരം പദ്ധതികളെന്നും ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി പറഞ്ഞു.



