ദോഹ – ഖത്തറില്‍ നടത്തിയ ആക്രമണത്തിന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അന്താരാഷ്ട്ര കോടതിയില്‍ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ഖത്തര്‍. രാജ്യം ഹമാസ് ഓഫീസിന് ആതിഥേയത്വം വഹിക്കുന്നതിനെ കുറിച്ചുള്ള നെതന്യാഹുവിന്റെ പരാമര്‍ശങ്ങളെ ഖത്തര്‍ അപലപിച്ചു. ഹമാസ് നേതാക്കളെ ഖത്തര്‍ പുറത്താക്കുകയോ അവരെ നിയമത്തിനു മുന്നില്‍ ഹാജരാക്കുകയോ ചെയ്യണമെന്ന് നെതന്യാഹു ഇന്നലെ പറഞ്ഞിരുന്നു. നിങ്ങള്‍ അത് ചെയ്തില്ലെങ്കില്‍, ഞങ്ങള്‍ അത് ചെയ്യുമെന്ന് നെതന്യാഹു ഖത്തറിന് മുന്നറിയിപ്പ് നല്‍കി. ഇതിന് അതിരൂക്ഷമായ ഭാഷയില്‍ ഖത്തര്‍ മറുപടി നല്‍കി.
ഇസ്രായില്‍ പ്രധാനമന്ത്രിയെ അന്താരാഷ്ട്ര നീതിക്കു മുന്നില്‍ ഹാജരാക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഥാനി ആവശ്യപ്പെട്ടു. ഗാസ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് വഹിക്കുന്ന മധ്യസ്ഥതയിലെ പങ്കിനെ കുറിച്ചും രാജ്യത്തെ ഹമാസിന്റെ ഭാവിയെ കുറിച്ചും ഖത്തര്‍ ചിന്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ആക്രമണം ഗാസയിലെ ഇസ്രായിലി ബന്ദികളെ മോചിപ്പിക്കാനുള്ള ഇല്ലാതാക്കിയതായി സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. നെതന്യാഹുവിന്റെ പ്രവര്‍ത്തികൾ ഈ വിഷയത്തില്‍ ഏതെങ്കിലും രീതിയിൽ ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതകള്‍ നശിപ്പിച്ചു. നിലവിലുള്ള ശ്രമങ്ങളുടെ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായിലിനാണെന്നും അദ്ദേഹം പറഞ്ഞു.
സമാധാനത്തിനുള്ള ഏതൊരു അവസരത്തെയും ദുര്‍ബലപ്പെടുത്താന്‍ നെതന്യാഹു ശ്രമിക്കുന്നു. നെതന്യാഹു മേഖലയെ കുഴപ്പത്തിലേക്ക് തള്ളിവിടുകയാണ്. അദ്ദേഹം മധ്യസ്ഥരുടെ സമയം പാഴാക്കുന്നു. ഹമാസ് നേതാക്കളുടെ കൂടിക്കാഴ്ചയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും ഇസ്രായിലികള്‍ക്കും അമേരിക്കക്കാര്‍ക്കും നന്നായി അറിയാമെന്നും ഖത്തര്‍ അത് മറച്ചുവെച്ചിട്ടില്ലെന്നും അതിനാല്‍ ഇസ്രായേലി ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇസ്രായില്‍ ആക്രമണം സ്റ്റേറ്റ് ഭീകരതയാണ്. ഇതിന് ഖത്തറിന്റെ ഭാഗത്തു നിന്ന് പ്രതികരണം ഉണ്ടാകും. ഇതേ കുറിച്ച് പ്രാദേശിക പങ്കാളികളുമായി ഖത്തര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളും അപകടത്തിലാണ്. ഇസ്രായില്‍ ആക്രമണത്തിനുള്ള കൂട്ടായ പ്രതികരണം ചര്‍ച്ച ചെയ്യാനായി ദോഹയില്‍ അറബ്-ഇസ്‌ലാമിക് ഉച്ചകോടി വിളിച്ചുചേര്‍ക്കും.
അതേസമയം, ഹമാസ് നേതാവ് ഖലീല്‍ അല്‍ഹയ്യക്ക് ആക്രമണത്തില്‍ എന്ത് സംഭവിച്ചു എന്ന് ഖത്തര്‍ പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല.
വെടിനിര്‍ത്തല്‍ കരാര്‍ ചര്‍ച്ച ചെയ്യാന്‍ ദോഹയില്‍ യോഗം ചേര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ച ദോഹയില്‍ ഇസ്രായില്‍ ആക്രമണം നടത്തിയത്.