ദമാം- നവോദയ സാംസ്‌കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ദമാമിൽ അന്താരാഷ്ട്ര ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ദമാം ഇ.ബി.സി ക്ലബ്ബുമായി സഹകരിച്ച് ”നവോദയ ഓപ്പൺ 2026” എന്ന പേരിൽ ഒക്ടോബർ 30, 31 (വെള്ളി, ശനി) തീയതികളിലാണ് ടൂർണമെന്റ് നടക്കുക.
പുരുഷ ഡബിൾസ്, വനിതാ ഡബിൾസ്, മിക്‌സഡ് ഡബിൾസ്, കുട്ടികളുടെ വിഭാഗം എന്നിവ ഉൾപ്പെടുന്ന ടൂർണമെന്റിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള താരങ്ങൾ പങ്കെടുക്കും. International, Premiere, Championship, F1, F2, F3, F4, F5, F6 എന്നീ വിവിധ ലെവലുകളിലായിരിക്കും മത്സരങ്ങൾ. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉൾപ്പെടെയുള്ള പുരസ്‌കാരങ്ങൾ നൽകും.
സൗദി അറേബ്യയിലെ പ്രവാസി സമൂഹത്തിനിടയിൽ കഴിഞ്ഞ 25 വർഷമായി സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ നിരവധി പ്രവർത്തനങ്ങളാണ് നവോദയ സാംസ്‌കാരിക വേദി നടത്തിവരുന്നത്. 25 വർഷം പൂർത്തിയാക്കുന്ന വേളയിൽ വിവിധങ്ങളായ പരിപാടികളോടെയാണ് രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
രജതജൂബിലി ആഘോഷങ്ങളുടെയും സൗദി ദേശീയദിനത്തിന്റെയും ഭാഗമായി സെപ്റ്റംബർ 4 മുതൽ 25 വരെ സൗദി അറേബ്യയിലെ വിവിധ കേന്ദ്രങ്ങളിൽ നാലാഴ്ച നീണ്ടുനിൽക്കുന്ന രക്തദാന ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു.
രജതജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ലൈസൻസോടെ വിവിധ കലാ-സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതും നവോദയയുടെ പരിഗണനയിലുണ്ട്.
മത്സരത്തിന് പേര് റജിസ്റ്റർ ചെയ്യാൻ താഴെ നൽകിയിട്ടുള്ള ഇ-മെയിൽ വിലാസത്തിലോ വാട്ട്‌സ് ആപ്പ് നമ്പറുകളിലോ വിശദവിവരങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്. [email protected]. Whats App: 00966569407699
ദമാമിൽ നടന്ന വാർത്താ സമ്മേളനത്തിൽ, നവോദയ കേന്ദ്ര രക്ഷാധികാരി സമിതി അംഗം കൃഷ്ണകുമാർ ചവറ, നവോദയ ജനറൽ സെക്രട്ടറി രഞ്ജിത്ത് വടകര, ടൂർണമെന്റ് ടെക്‌നിക്കൽ കമ്മറ്റി ചെയ്യർപേഴ്‌സണും നവോദയ കേന്ദ്ര രക്ഷാധികാരിസമിതി അംഗവുമായ രാജേഷ് ആനമങ്ങാട്, നവോദയ കേന്ദ്ര ജോ: ട്രഷറർ മോഹൻദാസ് കുന്നത്ത്, ടൂർണന്റ് ടെക്‌നിക്കൽ കമ്മറ്റി കൺവീനറും കേന്ദ്ര എക്‌സികുട്ടീവ് അംഗവുമായ പ്രജീഷ് കറുകയിൽ, കേന്ദ്ര സ്‌പോർട്‌സ് കമ്മറ്റി ചെയർപേഴ്ണും കേന്ദ്ര എക്‌സികുട്ടീവ് അംഗവുമായ ഉണ്ണി എങ്ങണ്ടിയൂർ എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







