ദമാം – അല്‍ഹസയിലെ പാം വില്ലേജ് പരിപാടികള്‍ വിവിധ ഈത്തപ്പഴ അധിഷ്ഠിത ഉല്‍പ്പന്നങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സര്‍ഗാത്മക അന്തരീക്ഷം ഒരുക്കുന്നു. ഇവിടെ പ്രദര്‍ശിപ്പിക്കുന്ന, ഈത്തപ്പഴക്കുരുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച പ്രകൃതിദത്ത സോപ്പ് സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നു. രാസചേരുവകളില്ലാത്ത, പ്രകൃതിദത്ത വസ്തുക്കളില്‍ നിന്ന് നിര്‍മ്മിച്ച ഉയര്‍ന്ന നിലവാരമുള്ള ഉല്‍പന്നങ്ങള്‍ പാം വില്ലേജ് സന്ദര്‍ശകരെ ആകര്‍ഷിക്കുകയും ഗണ്യമായ ഡിമാന്‍ഡ് നേടുകയും ചെയ്യുന്നു. നൂതന ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതില്‍ സ്വയംതൊഴില്‍ പദ്ധതികള്‍ നടപ്പാക്കുന്ന കുടുംബങ്ങള്‍ മികവ് പുലര്‍ത്തി.
സുക്കരി ഈത്തപ്പഴത്തിന്റെ ആകൃതിയില്‍ സൗദി വനിത അഫ്‌റാഹ് അല്‍ഹര്‍ബി നിര്‍മ്മിച്ച ഈത്തപ്പഴ സോപ്പ് അഫ്‌റാഹ് കെയര്‍ ബ്രാന്‍ഡ് നൂതനമായ പ്രാദേശിക ബ്രാന്‍ഡുകളില്‍ ഒന്നായി വേറിട്ടുനില്‍ക്കുന്നു. സുക്കരി ഈത്തപ്പഴക്കുരുകളും പാം ഓയിലും അസംസ്‌കൃത വസ്തുക്കളായി ഉപയോഗിച്ച് നിര്‍മിച്ച പ്രകൃതിദത്ത ഉല്‍പ്പന്നമാണിത്. കുട്ടികള്‍ക്കും രാസവസ്തുക്കള്‍ അടിസ്ഥാനമാക്കിയുള്ള സോപ്പുകള്‍ ദോഷകരമായി ബാധിക്കുന്ന ചര്‍മ്മമുള്ളവര്‍ക്കും ഇത് ആരോഗ്യകരമായ ഒരു ചോയ്‌സ് ആണ്.
വിട്ടുമാറാത്ത വട്ടച്ചൊറി ബാധിച്ച തന്റെ കുട്ടികള്‍ക്ക് പ്രകൃതിദത്ത സോപ്പിന്റെ ആവശ്യകത മനസ്സിലാക്കിയപ്പോഴാണ് ഈത്തപ്പഴക്കുരുകളില്‍ നിന്ന് സോപ്പ് ഉണ്ടാക്കുക എന്ന ആശയം 13 വര്‍ഷം മുമ്പ് തന്റെ മനസ്സില്‍ ഉദിച്ചതെന്ന് ഉല്‍പ്പന്നത്തിന്റെ സ്രഷ്ടാവായ അഫ്‌റാഹ് അല്‍ഹര്‍ബി പറയുന്നു. പിന്നീട് ഈ ആശയം ഈ ഉല്‍പ്പന്നമായി പരിണമിച്ചു. പാം വില്ലേജിലെ തന്റെ പങ്കാളിത്തത്തിന് നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സിന്റെ പിന്തുണ ലഭിച്ചു. ഇത് പാം വില്ലേജ് സന്ദര്‍ശകര്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നില്‍ തന്റെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും തന്റെ ബിസിനസിനെ പിന്തുണക്കാനും അവസരം നല്‍കി. നിരവധി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കാനും നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് തന്നെ പ്രാപ്തയാക്കി. നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് തനിക്ക് വിജയത്തിന്റെയും മികവിന്റെയും പരിധിയില്ലാത്ത ചക്രവാളങ്ങള്‍ തുറന്നുതരികയും തന്റെ സ്വപ്നങ്ങളെയും അഭിലാഷങ്ങളെയും മൂര്‍ത്തമായ യാഥാര്‍ഥ്യമാക്കി മാറ്റുകയും ചെയ്തു. വിജയത്തിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പാത മറ്റുള്ളവരുമായി മത്സരിക്കാനും ഉന്നതിയിലെത്താനും ഒരാളുടെ സൃഷ്ടിപരമായ ആശയങ്ങള്‍ വികസിപ്പിക്കുക എന്നതാണെന്നും അഫ്‌റാഹ് അല്‍ഹര്‍ബി പറഞ്ഞു.


നാഷണല്‍ സെന്റര്‍ ഫോര്‍ പാംസ് ആന്റ് ഡേറ്റ്‌സ് സംഘടിപ്പിക്കുന്ന അല്‍ഹസയിലെ പാം വില്ലേജിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുന്നു. സൗദി അറേബ്യയുടെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള കുടുംബങ്ങളും സന്ദര്‍ശകരും ഇവിടേക്ക് ഒഴുകിയെത്തുന്നു. പാം വില്ലേജ് കര്‍ഷകര്‍ക്കും പ്രാദേശിക ഉല്‍പാദകര്‍ക്കും ഈത്തപ്പഴ ഉല്‍പന്നങ്ങളും അവയുടെ വ്യതിരിക്തമായ സംസ്‌കരിച്ച ഉല്‍പ്പന്നങ്ങളും വിപണനം ചെയ്യാന്‍ വിലപ്പെട്ട അവസരം നല്‍കുന്നു.



