ദോഹ– ഒമാൻ ഇന്റർനാഷനൽ റാലിയുടെ 29-ാമത് പതിപ്പിൽ ഖത്തറിന്റെ ഇതിഹാസ താരം നാസർ അൽ അതിയ്യ കിരീടം ചൂടി. വടക്കൻ ബാത്തിന ഗവർണറേറ്റിലെ സുഹാറിൽ സമാപിച്ച മത്സരത്തിൽ സ്പാനിഷ് നാവിഗേറ്റർ കാൻഡിഡോ കരിറക്കൊപ്പമാണ് അതിയ്യ വിജയപ്പീഠമേറിയത്. 2026-ലെ എഫ്.ഐ.എ മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന റൗണ്ടായി നടന്ന ഈ മത്സരത്തിൽ, 13-ൽ 10 സ്റ്റേജുകളിലും ഒന്നാമതെത്തി നാസർ അൽ അതിയ്യ സമ്പൂർണ്ണ ആധിപത്യം പുലർത്തി.
മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിലെ തന്റെ കരിയറിലെ 92-ാമത്തെ വിജയം രേഖപ്പെടുത്തിയ താരം, ഇതോടെ ഒമാൻ മണ്ണിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ (ഒമ്പത്) നേടുന്ന ഡ്രൈവർ എന്ന പുതിയ റെക്കോർഡും സ്ഥാപിച്ചു. സൗദിയിൽ നടന്ന ലോകപ്രശസ്തമായ ഡാക്കർ റാലിയിൽ ആറാം കിരീടം നേടി ആഴ്ചകൾ പിന്നിടുമ്പോഴാണ് അതിയ്യ ഈ പുതിയ നേട്ടം സ്വന്തമാക്കുന്നത്.
മൂന്നുദിവസം നീണ്ടുനിന്ന കഠിനമായ പോരാട്ടത്തിൽ സ്കോഡ ഫാബിയ ആർ.എസ് കാറിലായിരുന്നു അതിയ്യയുടെ കുതിപ്പ്. മത്സരത്തിനിടെ മൂന്ന് തവണ ടയറുകൾ പഞ്ചറായെങ്കിലും അതെല്ലാം അതിജീവിച്ച് 2 മിനിറ്റും 8.8 സെക്കൻഡും ലീഡോടെയാണ് അദ്ദേഹം ഫിനിഷ് ചെയ്തത്. ആതിഥേയരായ ഒമാന്റെ അബ്ദുല്ല അൽ റവാഹിയും ജോർദാൻ താരം അത്താ അൽ ഹമൂദും അടങ്ങുന്ന സഖ്യം രണ്ടാം സ്ഥാനം നേടി. ചാമ്പ്യൻഷിപ്പിന്റെ അടുത്ത റൗണ്ടായ ഖത്തർ ഇന്റർനാഷനൽ റാലി ഫെബ്രുവരി 4 മുതൽ 7 വരെ ദോഹയിൽ നടക്കും.



