റിയാദ്– റിയാദ് നന്മ കരുനാഗപ്പള്ളി പ്രവാസി കൂട്ടായ്മയുടെ ആറാം വാര്‍ഷികാഘോഷം ‘നന്മോത്സവം 2026’ ഇന്ന് (ഫെബ്രു. ആറ്, വെള്ളി) റിയാദില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷോല മാളിലെ അല്‍വഫ ഹൈപര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആഘോഷപരിപാടികളില്‍ പ്രമുഖ സോഷ്യല്‍ മീഡിയ അനലിസ്റ്റും പ്രഭാഷകനുമായ ഡോ. അനില്‍ മുഹമ്മദ് മുഖ്യാതിഥിയായിരിക്കും.
ചടങ്ങില്‍ ഈ വര്‍ഷത്തെ നന്മ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. പ്രവാസി സംരംഭകയും റിയാദ് കെ.എം.സി.സി വനിതാ വിങ് പ്രസിഡന്റുമായ റഹ്മത്ത് അഷ്‌റഫ് വെള്ളപ്പാടത്തിന് നന്മ ഹ്യൂമാനിറ്റി ഐക്കണ്‍ പുരസ്‌കാരം സമ്മാനിക്കും. കോവിഡ് കാലഘട്ടത്തിലും തുടര്‍ന്നും അവര്‍ നടത്തിയ മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് ഈ ആദരവ്. മുന്‍ വര്‍ഷങ്ങളില്‍ അഷ്‌റഫ് താമരശ്ശേരി, സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ക്കായിരുന്നു ഈ പുരസ്‌കാരം ലഭിച്ചിരുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭകര്‍ക്കായി പുതുതായി ഏര്‍പ്പെടുത്തിയ നന്മ ബിസിനസ് ഐക്കണ്‍ പുരസ്‌കാരം മുനീര്‍ കണ്ണങ്കരക്ക് സമ്മാനിക്കും. ബിസിനസ് രംഗത്തെ മികവിനൊപ്പം കൂട്ടായ്മയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയും പരിഗണിച്ചാണ് അവാര്‍ഡ്. പട്ടുറുമാല്‍ സീസണ്‍ 12 വിജയിയും ഫ്‌ളവേഴ്‌സ് ടോപ്പ് സിംഗര്‍ ഫൈനലിസ്റ്റുമായ അസ്‌നാ നിസാം, ശിവഗിരി മഹാസമ്മേളനത്തില്‍ ദൈവദശകം ആലപിച്ച് ശ്രദ്ധേയയായ ഗായിക അഷ്ഫിയ അന്‍വര്‍, സ്‌കൂള്‍ കലോത്സവ പ്രതിഭയായ അസിന്‍ വെള്ളില എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
കരുനാഗപ്പള്ളി സ്വദേശികളായ കലാകാരികള്‍ അണിനിരക്കുന്ന ഈ ആഘോഷരാവ് പ്രവാസി സമൂഹത്തിന് വേറിട്ടൊരു അനുഭവമാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. അനില്‍ മുഹമ്മദ്, ഗായികമാരായ അഷ്ഫിയ അന്‍വര്‍, അസ്‌നാ നിസാം, പുരസ്‌കാര ജേതാവ് മുനീര്‍ കണ്ണങ്കര, സംഘാടകരായ ബഷീര്‍ ഫത്തഹുദ്ദീന്‍, അഖിനാസ് എം. കരുനാഗപ്പള്ളി എന്നിവര്‍ പങ്കെടുത്തു.



