മസ്കത്ത്– അഞ്ചാമത് വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്‌സിന് ഒമാൻ വേദിയാകും. ഫെബ്രുവരി ഒന്ന് മുതൽ എട്ടു വരെ മസ്‌കത്തിൽ വെച്ചാണ് അഞ്ചാമത് വെസ്റ്റ് ഏഷ്യൻ പാരാലിമ്പിക്‌സ് അരങ്ങേറുന്നത്. ഒമാൻ, ഖത്തർ, ലെബനൻ, ജോർദൻ, ബഹ്റൈൻ, യമൻ, ഫലസ്‌തീൻ, സിറിയ, ഇറാഖ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ 11 രാജ്യങ്ങളാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. വെസ്റ്റ് ഏഷ്യ പാരാഫെഡറേഷനും ഒമാൻ പാരാലിമ്പിക് കമ്മറ്റിയും ചേർന്ന് നടത്തുന്ന ടൂർണമെൻ്റ് ഒമാൻ്റെ കായിക സാംസ്‌കാരിക കേന്ദ്രത്തിന് കീഴിലാണ് സംഘടിപ്പിക്കുന്നത്.
അത്ലറ്റിക്സ്, വൈറ്റ് ലിഫ്റ്റിങ്ങ്, ടേബിൾ ടെന്നിസ്, ബാഡ്‌മിൻ്റൺ, സൈക്ക്ളിങ്ങ് തുടങ്ങിയ വിവിധയിനങ്ങൾ മത്സരങ്ങളിലായി 600 ഓളം അത്ലറ്റുകൾ ട്രാക്കുകളിൽ ഇറങ്ങും.
ഒമാന്റെ സംഘാടന മികവിലുള്ള റീജിയണൽ കമ്മറ്റികളുടെ ആത്മവിശ്വാസത്തെയാണ് വ്യക്തമാക്കുന്നതെന്ന് ഒമാൻ പാരലിമ്പിക് കമ്മറ്റി ചെയർമാൻ ഡോ. മൻസൂർ സുൽത്താൻ അൽ തൗഖി പറഞ്ഞു. 108 ദേശീയ റഫറിമാരും 35 അന്താരാഷ്ട്ര റഫറിമാരും ടൂർണമെൻ്റിൻ്റെ ഭാഗമാകുമെന്നും മികച്ച രീതിയിലുള്ള സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അൽ തൗഖി കൂട്ടിച്ചേർത്തു.



